മോഷ്ടാക്കള്‍ ആഡംബരകാറുകള്‍ മോഷ്ടിക്കാനായി വന്‍തോതില്‍ ആപ്പിള്‍ എയര്‍ടാഗുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന് കാനഡ പ്രാദേശിക പോലീസ്. ആപ്പിള്‍ സമീപകാലത്തായി ലോഞ്ച് ചെയ്ത ട്രാക്കിങ് ഡിവൈസായ എയര്ടാഗുകളെകുറിച്ചാണ് ഇവര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
വാലറ്റുകളും താക്കോലുകളുമടക്കം നമ്മുടെ നിത്യോപയോഗ സാധനങ്ങള്‍ നഷ്ടപ്പെടാതിരിക്കാനും നഷ്ടപ്പെട്ടവ എളുപ്പം തിരിച്ചുപിടിക്കാനുമായി ആപ്പിള്‍ അവതരിപ്പിച്ച ട്രാക്കിങ് ഡിവൈസാണ് ആപ്പിള്‍ എയര്‍ടാഗ്. സ്വകാര്യ വസ്തുക്കളിലടക്കം ഈ ചെറിയ ഉപകരണം ഘടിപ്പിച്ചാല്‍ അവയുടെ സ്ഥാനം സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിച്ച് ട്രാക്ക് ചെയ്യാന്‍ സാധിക്കും.
എന്നാല്‍, എയര്‍ടാഗിന്റെ ഈ സവിശേഷത ദുരുപയോഗം ചെയ്താണ് കാനഡയിലെ കള്ളന്മാര് വില കൂടിയ വാഹനങ്ങള്‍ മോഷ്ടിച്ചത്. രാജ്യത്തെ യോര്‍ക് മേഖലയിലാണ് മോഷ്ടാക്കള്‍ ഇത്തരത്തിലുള്ള ഹൈടെക് മോഷണം നടത്തുന്നതായി കണ്ടെത്തിയത്. യോര്‍ക്കില്‍ സ്ഥിരമായി ലക്ഷ്വറി കാറുകള്‍ മോഷണം പോവുന്നത് അന്വേഷിച്ച പോലീസ് സംഘം അത് എയര്‍ടാഗ് ഉപയോഗിച്ചുള്ള മോഷണമാണെന്ന് കണ്ടെത്തുകയായിരുന്നു.
ആഡംബര വാഹനങ്ങള്‍ ആപ്പിള്‍ എയര്‍ടാഗ് ഉപയോഗിച്ച് ട്രാക്ക് ചെയ്യുകയും, അതിലൂടെ ഉടമയുടെ വീടും വാഹനം പാര്‍ക്ക് ചെയ്യുന്നത് എവിടെയാണെന്നും മോഷ്ടാക്കള്‍ കണ്ടെത്തും. അവസരം കിട്ടുമ്ബോള് കാര്‍ മോഷ്ടിക്കുകയും ചെയ്യും. നഗരത്തിലെ പാര്‍ക്കിങ് സൗകര്യങ്ങളിലും ഷോപ്പിങ് മാളുകളിലും വെച്ചാണ് കാറുകള്‍ നോട്ടമിടുന്നത്.
കാറുകളില്‍ പെട്ടന്ന് കണ്ടെത്താന്‍ കഴിയാത്ത സ്ഥലങ്ങളിലാണ് എയര്‍ടാഗുകള്‍ സ്ഥാപിക്കുന്നത്. വിദൂര സ്ഥലങ്ങളില്‍പ്പോലും ആഡംബര കാറുകള്‍ കൃത്യമായി എങ്ങനെ ടാര്‍ഗറ്റ് ചെയ്യപ്പെടുന്നു എന്ന് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് ആപ്പിള്‍ എയര്ടാഗുകളിലേക്ക് എത്തിച്ചത്.
അത്തരം മോഷ്ടാക്കള്‍ക്കെതിരെ കാനഡ പോലീസ് ജാഗ്രതാ നിര്‍ദേശം നല്‍കിക്കഴിഞ്ഞു. ആപ്പിള്‍ എയര്‍ടാഗ് ഉപയോഗിച്ച് നിലവില്‍ അഞ്ച് മോഷണങ്ങള്‍ നടത്തിയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. അതേസമയം, മേഖലയില്‍ നടന്ന മറ്റ് കാര്‍ മോഷണങ്ങളിലും അതേ സംഘത്തിന് പങ്കുള്ളതായി സംശയിക്കുന്നുണ്ടെന്നും പോലീസ് അറിയിച്ചു.