തിരുവനന്തപുരം : പട്ടിണി കിടന്ന് ചാകട്ടെ എന്ന് കരുതി തന്നെയാണ് ഉടമസ്ഥർ ഗ്രേറ്റ് ഡെയ്ൻ ഇനത്തിൽപ്പെട്ട നായയെ വഴിയരികിലെ വൈദ്യുത പോസ്റ്റിൽ കെട്ടിയിട്ട് ഉപേക്ഷിച്ചു പോയത്. എന്നാൽ ഒരു നാട് ഒന്നാകെ കൈകോർത്ത് സമയത്തിന് മരുന്നും ഭക്ഷണവും നൽകി ആ സാധുജീവിയെ ജീവിതത്തിലേക്ക് തിരികെകൊണ്ടുവന്നു.
ഉടമയുടെ ക്രൂരതയെ അതിജീവിച്ച ആ നായ ഇന്ന് വെങ്ങാനൂർ മുളമൂട്ടിലെ പ്രിയപ്പെട്ട ബാഷയാണ്. 2021 ഡിസംബറിലാണ് കഴക്കൂട്ടം, കാരോട് ബൈപ്പാസിന് സമീപമുള്ള കല്ലുവെട്ടാൻകുഴിയോട് ചേർന്ന പോസ്റ്റിൽ കെട്ടിയിട്ട നിലയിൽ അവശനായ നായയെ കാണുന്നത്. നാട്ടുകാർ വിവരമറിയിച്ചതിനെതുടർന്ന് വെങ്ങാനർ സ്വദേശി ഷെരീഫ് എത്തി.
എഴുന്നേറ്റു നിൽക്കാൻ പോലും കഴിയാതിരുന്ന നായക്ക് അദ്ദേഹം സുഹൃത്തിന്റെ വീട്ടിൽ നിന്നും ഭക്ഷണം നൽകിയെങ്കിലും അത് കഴിക്കാൻ പോലുമുള്ള ശേഷി അതിന് ഉണ്ടായിരുന്നില്ല. ഭക്ഷണം കഴിക്കാതെ കുടൽ ചുരുങ്ങിയതാണ് കാരണം എന്ന് മൃഗഡോക്ടർ അറിയിച്ചു. തുടർന്ന് അദ്ദേഹത്തിന്റെ നിർദേശപ്രകാരം കൃത്യമായി മരുന്ന് നൽകി.ആഹാരം കഴിച്ചു തുടങ്ങിയതോടെ നായ ആരോഗ്യം വീണ്ടെടുക്കുകയും ചെയ്തു.