ലണ്ടൻ : നടക്കാൻ ബുദ്ധിമുട്ടിയിരുന്ന ഫോറസ്റ്റ് ഗംപ് തന്റെ പ്രണയിനിയുമായി പിരിഞ്ഞത് മുതൽ ചെറുതായി ഓടാൻ ശ്രമിക്കുന്നതും, രണ്ട് വർഷത്തെ തുടർച്ചയായ പരിശ്രമത്തിലൂടെ ജീവിതം തന്നെ മാറ്റിയെടുക്കുന്നതുമാണ് ലോകസിനിമകളിൽ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായ വിന്റോസ്റ്റൺ ഗ്രൂമിന്റെ ഫോറസ്റ്റ് ഗംപിന്റെ ഇതിവൃത്തം.
ഇപ്പോൾ യഥാർത്ഥ ജീവിതത്തിലും ഫോറസ്റ്റ് ഗംപ് ആവാൻ ശ്രമിച്ച് വിജയിച്ച, ഇംഗ്ലണ്ടിൽ നിന്നുള്ള റോബ് പോപ് എന്ന യുവാവാണ് മാധ്യമശ്രദ്ധ നേടുന്നത്. അദ്ദേഹത്തിന്റെ അമ്മ നൽകിയ ഉപദേശം യാഥാർഥ്യമാക്കുകയാണ് അദ്ദേഹം. ജീവിതത്തിൽ എന്തെങ്കിലും വ്യത്യസ്തമായി ചെയ്യണം എന്നായിരുന്നു 2002 ൽ മരിക്കുന്നതിന് മുൻപായി പോപ്പിന്റെ അമ്മ നൽകിയ ഉപദേശം. ഈ വാക്കുകൾ ഹൃദയത്തോട് ചേർത്ത് അദ്ദേഹം ഓടിതുടങ്ങി. അമേരിക്കയിലെ പലരും ഇത്തരത്തിൽ ദീർഘദൂരം ഓടിയിട്ടുണ്ടെങ്കിലും ഫോറസ്റ്റ് ഗംപിനെ അനുകരിച്ചിട്ടില്ലെന്ന് പോപ് പറയുന്നു. ഓട്ടത്തിനിടയിലെ അനുഭവങ്ങൾ കോർത്ത് ‘ബികമിംങ് ഫോറസ്റ്റ് : വൺ മാൻസ് എപിക് റൺ’ എന്ന പേരിൽ ഒരു പുസ്തകവും അദ്ദേഹം രചിച്ചു.
15,021 മൈലാണ് പോപ് ഓടിയത്. അതായത് ആമസോൺ നദിയുടെ നാലിരട്ടി ദൂരം. ദിവസം 35 മുതൽ 40 മൈൽ വരെ ഓടിയിരുന്നു. പരിക്കുകൾ അതിജീവിച്ച്, ഹിമപതങ്ങളെയും, ചൂടിനെയും നേരിട്ട്, യു.എസിലെ ഏറ്റവും ചൂടേറിയ സ്ഥലമായ ഡെത്ത് വാലിയിലൂടെയും പോപ് കടന്നു പോയി. യാത്രക്കിടയിൽ നിരവധിയാളുകൾ സമ്മാനങ്ങൾ നൽകി അഭിനന്ദിച്ചുവെന്നും അദ്ദേഹം പറയുന്നു.