പന്തളം : വർഷങ്ങളായി സ്കൂൾ മുറ്റത്ത് തണലും തണുപ്പും നൽകി നിൽക്കുന്ന മാവ് മുത്തശ്ശിക്കായി ആയുർവേദ ഔഷധ കൂട്ടിന്റെ വൃക്ഷചികിത്സ നടത്തി അധ്യാപകരും, വിദ്യാർത്ഥികളും.
100 വർഷത്തോളം പഴക്കമുള്ള കശുമാവിനാണ് ചികിത്സ നൽകുന്നത്. ജില്ലയിൽ തന്നെ ഇത് ആദ്യമാണെന്നും സ്കൂൾ അധികൃതർ അറിയിച്ചു. മങ്കുഴി ഗവ. എൽ.പി സ്കൂൾ പരിസരത്തെ മാവിനെ വൃക്ഷ വൈദ്യനായ ബിനു വാഴൂരാണ് ചികിത്സിച്ചത്. അധ്യാപകനായ വിജയകുമാർ ഇഞ്ചിത്താനം, പരിസ്ഥിതി പ്രവർത്തകനായ ഗോപകുമാർ കങ്ങഴ എന്നിവർ വൈദ്യർക്ക് വേണ്ട സഹായം നൽകി.
സ്കൂളിൽ ജൈവവൈവിധ്യ പാർക്ക് വികസനത്തിനായി മഞ്ചാടി എന്ന പദ്ധതിയിലേക്ക് കഴിഞ്ഞ ഫെബ്രുവരിയിൽ സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ധനസഹായം നൽകിയിരുന്നു. കൂടാതെ കശുമാവിനെ പൈതൃക വൃക്ഷമായി അംഗീകരിക്കണമെന്ന സ്കൂൾ ജൈവവൈവിധ്യ സമിതിയുടെ ആവശ്യവും അംഗീകരിക്കപ്പെട്ടിരുന്നു. ‘അല്ലയോ മരമേ നിന്നെ സ്തുതിക്കുന്നു’ എന്ന സംസ്‌കൃത ശ്ലോകം ചൊല്ലി ആരംഭിച്ച ചികിത്സ 5 മണിക്കൂറോളം നീണ്ടു. മരം കഴുകിയശേഷം പാലും അരിപ്പൊടിയും തേച്ചുപിടിപ്പിച്ചു. ചിതൽപുറ്റ്, നാടൻപശുവിന്റെ പാൽ, നെയ്യ്, കദളിപ്പഴം, കടുക്ക, നെല്ലിക്ക, താന്നി എന്നിങ്ങനെ 15ഓളം വസ്തുക്കൾ ഉപയോഗിച്ചായിരുന്നു ചികിത്സ. ചുവട്ടിൽ നിന്നും മണ്ണ് ഒലിച്ചു പോയതിന് പകരമായി പുതിയ മണ്ണിട്ട് ഒരാൾ പൊക്കത്തോളം ഉയർത്തി കയർ ഭൂവസ്ത്രവും നൽകി.