റാന്നി: പത്തനംതിട്ടയിൽ ദളിത് കുടുംബങ്ങൾ വെള്ളം കോരുന്നത് തടയാൻ കിണർ മൂടിയ കേസിലെ പ്രതി സെബാസ്റ്റ്യൻ തോമസിന് ജാമ്യം അനുവദിച്ച് പത്തനംതിട്ട സെഷൻസ് കോടതി. അറസ്റ്റ് ചെയ്ത് പത്ത് ദിവസത്തിന് ശേഷമാണ് സെബാസ്റ്റ്യൻ തോമസിന് ജാമ്യം ലഭിക്കുന്നത്. നേരത്തെ കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ജാതി വിവേചനം നേരിട്ട ദളിത് കുടുംബങ്ങൾ രംഗത്തെത്തിയിരുന്നു. കേസ് അട്ടിമറിക്കാൻ ഉദ്യോഗസ്ഥർ ഗൂഢാലോചന നടത്തുന്നുവെന്ന് ആരോപിച്ച് ഇവർ മുഖ്യമന്ത്രിക്കും പൊലീസ് കംപ്ലയിന്‍റ് അതോറിറ്റിക്കും പരാതി നൽകിയിരുന്നു.
കേസിലെ പ്രതികളിലൊരാളെ റിമാൻഡ് ചെയ്തത് പൊലീസിന്‍റെ മുഖം രക്ഷിക്കാനാണെന്നും ആരോപിച്ചിരുന്നു. പട്ടികജാതി-പട്ടികവർഗ പീഡന നിരോധന നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസാണ് പൊലീസ് അട്ടിമറിച്ചതായി ആരോപിക്കുന്നത്. റാന്നി മുൻ ഡി.വൈ.എസ്.പി മാത്യു ജോർജ്, എസ്എച്ച്ഒ സുരേഷ് കുമാർ എന്നിവർക്കെതിരെയായിരുന്നു പരാതി നൽകിയത്.
ദളിത് കുടുംബങ്ങൾ ഉപയോഗിക്കുന്ന റോഡ് അടച്ചതും കിണർ മൂടിയതും ഉൾപ്പെടെ നിരവധി പരാതികൾ പൊലീസിന് നൽകിയിരുന്നു. എന്നാൽ സമയബന്ധിതമായി കേസെടുക്കാനോ ഒന്നിലും അന്വേഷണം നടത്താനോ പൊലീസ് തയ്യാറായിരുന്നില്ല. റാന്നി ഡി.വൈ.എസ്.പിയായിരുന്ന മാത്യു ജോർജും രണ്ട് കേസുകളിലും തെളിവില്ലാത്തതിനാൽ അന്വേഷണം അവസാനിപ്പിക്കാൻ ശ്രമം നടത്തിയിരുന്നു. കേസ് രജിസ്റ്റർ ചെയ്ത് രണ്ട് വർഷം കഴിഞ്ഞിട്ടും ബൈജു സെബാസ്റ്റ്യൻ, പഞ്ചായത്ത് അംഗം ഷേർളി ഉൾപ്പെടെയുള്ള പ്രതികളെ അറസ്റ്റ് ചെയ്യാത്തത് പൊലീസ് പ്രതികളെ സഹായിച്ചതുകൊണ്ടാണെന്നും കുടുംബങ്ങൾ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറഞ്ഞിരുന്നു.