തിരുവനന്തപുരം : വീട്ടിലേക്കാവശ്യമുള്ള കയർ ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക് വസ്തുക്കളിൽ നിന്ന് നിർമ്മിച്ച് വ്യത്യസ്തരാവുകയാണ് ഈ ദമ്പതികൾ. സ്വന്തമായി നിർമിച്ച കയർ പൊട്ടിക്കുന്നവർക്ക് 500 രൂപ ഇവർ പാരിതോഷികവും നൽകും.
തിരുവല്ലം പുഞ്ചക്കരി കല്ലടി മേലേകളത്തിൽ വീട്ടിൽ 74 വയസ്സുള്ള ഗോപിനാഥനും ഭാര്യ 69 വയസ്സുള്ള ശാന്തയുമാണ് പഴയ സാരി, പ്ലാസ്റ്റിക് ചാക്ക്, ചന്ദനത്തിരിയുടെ ചെറിയ കവർ എന്നിവ കൊണ്ടെല്ലാം കയർ നിർമ്മിക്കുന്നത്. കയറിന് ഉറപ്പുണ്ടോ എന്ന് വെല്ലുവിളിക്കുന്നവരെ 15 വർഷം മുൻപ് സാരി ഉപയോഗിച്ച് നിർമ്മിച്ച വെള്ളം കോരാൻ ഉപയോഗിക്കുന്ന കയർ ചൂണ്ടി കാണിക്കും. അത് പൊട്ടിച്ചാൽ 500 രൂപയാണ് ദമ്പതികളുടെ സമ്മാനം. തട്ടിൻപുറം മറയ്ക്കാൻ ഉപയോഗിച്ച കയർ പിരിച്ചു നോക്കിയപ്പോൾ ബലമുണ്ടെന്ന് തിരിച്ചറിഞ്ഞതോടെയാണ് കയർ നിർമാണം ആരംഭിച്ചത്. രണ്ട് പഴയ സാരി നൽകിയാൽ കയർ നിർമിച്ചു നൽകും. അതിൽ കൂടുതൽ വേണമെങ്കിൽ മാത്രം പണം വാങ്ങും. അതാണ് ഇവരുടെ രീതി.
ചന്ദനത്തിരിയുടെ കവർ ഉപയോഗിച്ചുള്ള കയറാണ് കടയിൽ നിന്നും മറ്റും സാധനങ്ങൾ വാങ്ങുമ്പോൾ പൊതിയാൻ ഉപയോഗിക്കുന്നത്. വലിയ പ്ലാസ്റ്റിക് കവറുകൾ ഉപയോഗിച്ച് കൂടകൾ നിർമ്മിക്കാനും പരിശീലിച്ചു വരുന്നു. താമസിക്കുന്ന വീടിന്റെ മുറികൾ നവീകരിച്ചതും ഇവർ ഒറ്റക്കാണ്. ഉത്പ്പന്നങ്ങൾ വാങ്ങാനായി ധാരാളം ആളുകളും എത്തുന്നുണ്ട്. വാർദ്ധക്യം തളർത്തിയിട്ടില്ലെന്നും ഇത്തരം പരീക്ഷണങ്ങൾ തുടരാനാണ് ആഗ്രഹമെന്നും അവർ അറിയിച്ചു.