അബുദാബി: ബഹിരാകാശത്ത് നിന്ന് ദുബായ് സ്കൂളിലെ കുട്ടികളുമായി തത്സമയം സംവദിച്ച് എമിറേറ്റ്സ് ബഹിരാകാശ യാത്രികൻ ഡോ.സുൽത്താൻ അൽ നെയാദി. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ (ഐഎസ്എസ്) ചുമതലകളിൽ നിന്ന് ഇടവേളയെടുത്ത് ഡോ.സുൽത്താൻ ഇന്ന് (ചൊവ്വാഴ്ച) ജുമൈറ കോളേജിലെ വിദ്യാർത്ഥികളുമായി ഒരു പ്രത്യേക ദീർഘദൂര കോളിൽ തന്‍റെ അനുഭവങ്ങൾ പങ്കിട്ടു.
യുഎഇയുടെ ഏറ്റവും പുതിയ ബഹിരാകാശ യാത്രികനായ സുൽത്താൻ 6 മാസത്തെ ഉദ്യമത്തിന് തുടക്കം കുറിച്ച് വെള്ളിയാഴ്ചയാണ് ഭ്രമണപഥത്തിലെ സയൻസ് ലബോറട്ടറിയിലെത്തിയത്. 2019 ൽ ഹസ്സ അൽ മൻസൂരിയുടെ ഐഎസ്എസിലെ എട്ട് ദിവസത്തെ താമസത്തിനുശേഷം ബഹിരാകാശത്തേക്ക് പോകുന്ന രണ്ടാമത്തെ എമിറാത്തിയാണ് 41 കാരനായ അൽ നെയാദി.
തന്‍റെ ഏറ്റവും വലിയ ഹോബി ഫ്ലോട്ടിംഗ് ആണെന്ന് അദ്ദേഹം പറഞ്ഞു. എട്ടാം വർഷ വിദ്യാർത്ഥിനി സാഷ ജോസഫിന്‍റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഒരു ബഹിരാകാശ യാത്രികനാകാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത് എന്താണ് എന്ന ചോദ്യവും ഉയർന്നു.