കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ പുക ശമിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ പൂർത്തിയാകുന്നു. അന്തരീക്ഷത്തിലെ പുകയുടെ സാന്നിധ്യത്തിൽ കുറവുണ്ടായതായി അധികൃതർ അറിയിച്ചു. ഏഴ് സെക്ടറുകളിൽ രണ്ടെണ്ണത്തിൽ അവസാന ഘട്ട പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
മറ്റ് പ്രദേശങ്ങളിലെ തീയും പുകയും പൂർണ്ണമായും ശമിച്ചതായി അധികൃതർ അറിയിച്ചു. രാവിലത്തെ അവസ്ഥയുമായി താരതമ്യപ്പെടുത്തുമ്പോൾ അന്തരീക്ഷത്തിലെ പുകയിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തി.
നിലവിൽ അഗ്നിശമന സേനയുടെ 18 യൂണിറ്റുകളാണ് ബ്രഹ്മപുരത്തുള്ളത്. 98 അഗ്നിശമന സേനാംഗങ്ങൾക്ക് പുറമേ 16 ഹോം ഗാർഡുകളും 57 സിവിൽ ഡിഫൻസ് ഫോഴ്സ് അംഗങ്ങളും ബ്രഹ്മപുരത്തുണ്ട്. ആരോഗ്യവകുപ്പിലെയും പൊലീസിലെയും നാല് ഉദ്യോഗസ്ഥർ വീതവും പ്ലാന്‍റിലുണ്ട്.