ന്യൂഡല്‍ഹി: അമേരിക്കൻ ടെക് ഭീമനായ ആപ്പിൾ ചൈന വിട്ട് ഇന്ത്യയെ തങ്ങളുടെ പ്രധാന ഉത്പ്പാദന കേന്ദ്രങ്ങളിലൊന്നാക്കാൻ ഒരുങ്ങുകയാണ്. ഐഫോണുകൾ ഉൾപ്പെടെയുള്ള ഉത്പ്പന്നങ്ങൾ ഇവിടെ തന്നെ നിർമ്മിക്കാൻ വിവിധ സംസ്ഥാനങ്ങളിൽ ഭീമൻ ഫാക്ടറികൾ സ്ഥാപിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ഇതിന്‍റെ ഭാഗമായി കർണാടകയിൽ 300 ഏക്കർ സ്ഥലത്ത് ഫാക്ടറി നിർമിക്കാനൊരുങ്ങുകയാണ്.
കഴിഞ്ഞ 19 മാസത്തിനുള്ളിൽ ആപ്പിൾ രാജ്യത്ത് ഒരു ലക്ഷം പേർക്ക് നേരിട്ട് തൊഴിൽ നൽകി. ഇതോടെ ഇലക്ട്രോണിക്സ് മേഖലയിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന കമ്പനിയായി ആപ്പിൾ മാറിയതായാണ് റിപ്പോർട്ട്.
പക്ഷേ അവിടെയും അവസാനിക്കുന്നില്ല. ആപ്പിളിന്‍റെ ഇന്ത്യയിലെ വർദ്ധിച്ച് വരുന്ന നിക്ഷേപം വരുന്ന സാമ്പത്തിക വർഷത്തിൽ 1,20,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യയിലെ ഉത്പ്പാദന മേഖലയിൽ 40,000 നേരിട്ടുള്ളതും 80,000 അല്ലാത്തതുമായ അവസരങ്ങൾ കമ്പനി സൃഷ്ടിക്കുമെന്ന് സ്റ്റാഫിംഗ് സ്ഥാപനങ്ങളെ ഉദ്ധരിച്ച് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു.