കൊറോണ വൈറസ് ബാധ ചൈനയിലെ സകല മേഖലകളേയും തകര്‍ത്തു. ഇതിന്‍റെ ഫലമായി ഇന്ത്യയിലും തിരിച്ചടി. ഇന്ത്യയില്‍ പാരസെറ്റമോളിന്റെ വിലയിലും വന്‍കുതിപ്പാണ് രേഖപ്പെടുത്തുന്നത്.
40 ശതമാനത്തോളം വിലവര്‍ധനവാണ് പാരസെറ്റമോളിന് ഉണ്ടായിരിക്കുന്നത്. ചൈനയിലെ വ്യവസായിക രംഗം കൊറോണ ബാധയെ തുടര്‍ന്ന് മന്ദഗതിയിലായതാണ് അസംസ്‌കൃത വസ്തുക്കള്‍ക്ക് ഉള്‍പ്പടെ ചൈനയെ ആശ്രയിക്കുന്ന ഇന്ത്യയ്ക്കും തിരിച്ചടിയായത്.
സപ്ലൈ ചെയിന്‍ തടസങ്ങളില്‍ അകപ്പെട്ടതിനാല്‍ മൊബൈല്‍ ഫോണുകള്‍ മുതല്‍ മരുന്നുകള്‍ വരെയുള്ളവയുടെ ഉത്പാദനത്തില്‍ വലിയ ഇടിവിന് കാരണമായിരിക്കുകയാണ്.
ഇതിനെത്തുടര്‍ന്നാണ് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന വേദനസംഹാരിയായ പാരസെറ്റമോളിന്റെ വില ഇന്ത്യയില്‍ 40% ഉയര്‍ന്നത്. വിവിധതരം ബാക്ടീരിയ അണുബാധകള്‍ ചികിത്സിക്കുന്നതിനായി ഉപയോഗിക്കുന്ന ആന്റിബയോട്ടിക്കായ അസിട്രോമിസൈനിന്റെ വില ഉയര്‍ന്നത് 70 ശതമാനത്തോളമാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.