തിരുവനന്തപുരം: ധനമന്ത്രി ബജറ്റിൽ പ്രഖ്യാപിച്ച ഇന്ധന സെസിൽ നിന്ന് പിന്നോട്ടില്ലെന്ന സൂചന നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. എൽ.ഡി.എഫ് നിയമസഭാ കക്ഷി യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സെസ് ഏർപ്പെടുത്തിയതിൽ ജനങ്ങൾക്കിടയിൽ വലിയ പ്രതിഷേധം ഉണ്ടായിട്ടില്ലെന്നും രാഷ്ട്രീയ പ്രതിഷേധം മാത്രമാണ് ഉണ്ടായതെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു.
സെസ് കുറയ്ക്കുന്നത് യു.ഡി.എഫിന്‍റെ രാഷ്ട്രീയ വിജയമാകുമെന്ന അഭിപ്രായവും യോഗത്തിൽ ഉയർന്നു. അതേസമയം ഇന്ധന സെസിനെതിരെ ശക്തമായ പ്രതിഷേധമാണ് പ്രതിപക്ഷം നടത്തുന്നത്. എംഎൽഎമാരായ ഷാഫി പറമ്പിൽ, മാത്യു കുഴൽനാടൻ, സി ആർ മഹേഷ്, നജീബ് കാന്തപുരം എന്നിവർ നിയമസഭാ കവാടത്തിന് മുന്നിൽ സത്യാഗ്രഹം നടത്തുകയാണ്.
‘ജനത്തിന്റെ തലയ്ക്കടിക്കുന്ന ജനവിരുദ്ധ ബജറ്റ്’ എന്നെഴുതിയ പ്ലക്കാർഡും ഉയർത്തിയാണ് സമരം. കൊച്ചിയിലും കോട്ടയത്തും തിരുവനന്തപുരത്തും കൊല്ലത്തും കോൺഗ്രസ് പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. സെക്രട്ടേറിയറ്റിന് മുന്നിലും കളക്ടറേറ്റിലും നേതാക്കൾ പ്രതിഷേധിക്കുകയാണ്.