Breaking News

പഞ്ഞിമിഠായിയില്‍ വസ്ത്രനിർമാണത്തിന് ഉപയോഗിക്കുന്ന നിറങ്ങൾ; നിർമാണ കേന്ദ്രം പൂട്ടിച്ചു

കൊല്ലം: വസ്ത്ര നിർമ്മാണത്തിന് ഉപയോഗിക്കുന്ന നിറങ്ങൾ ചേർത്ത് പഞ്ഞി മിഠായി നിർമ്മിച്ചിരുന്ന കേന്ദ്രം അടച്ചുപൂട്ടി ഭക്ഷ്യസുരക്ഷാ വകുപ്പ്. കൊല്ലം കരുനാഗപ്പള്ളിയിലാണ് കേന്ദ്രം പ്രവർത്തിച്ചിരുന്നത്. കെട്ടിട ഉടമയ്ക്കും 25 ഇതര സംസ്ഥാന തൊഴിലാളികൾക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വൃത്തിഹീനമായ സാഹചര്യത്തിലാണ് മിഠായികൾ നിർമ്മിച്ചിരുന്നത്.

അഞ്ച് ചെറിയ മുറികളിലായാണ് 25 അന്യ സംസ്ഥാന തൊഴിലാളികൾ താമസിച്ചിരുന്നത്. മിഠായി നിർമ്മാണ മുറിക്ക് സമീപമുള്ള സെപ്റ്റിക് ടാങ്ക് തകർന്ന നിലയിലായിരുന്നു. വസ്ത്രങ്ങളിൽ ഉപയോഗിക്കുന്ന റോഡമിൻ എന്ന രാസവസ്തു ചേർത്താണ് മിഠായി നിർമ്മിച്ചിരുന്നത്. വിൽപ്പനയ്ക്കായി തയ്യാറാക്കിയ 1000 കവർ മിഠായികൾ ഭക്ഷ്യസുരക്ഷാ വകുപ്പ് നശിപ്പിച്ചു. സ്പെഷ്യൽ ടാസ്ക് ഫോഴ്സ് ഡെപ്യൂട്ടി കമ്മീഷണർ ജേക്കബ് തോമസിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന.

മിഠായി നിർമ്മാണ കേന്ദ്രത്തിന് ലൈസൻസ് ഉണ്ടായിരുന്നില്ലെന്നു ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതർ പറഞ്ഞു. അനധികൃത ഭക്ഷ്യോത്പാദനത്തിനും നിരോധിത നിറം ഉപയോഗിച്ചതിനും തൊഴിലാളികൾക്കെതിരെ കേസെടുത്തിട്ടുണ്ട്.  ഭക്ഷ്യസുരക്ഷാ വകുപ്പ് കൊല്ലം അസിസ്റ്റന്‍റ് കമ്മിഷണർ അജി, കൊല്ലം കരുനാഗപ്പള്ളി, ചവറ എന്നിവിടങ്ങളിലെ ഭക്ഷ്യസുരക്ഷാ ഓഫീസർമാർ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.

About News Desk

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …