ദോഹ: സ്വകാര്യ മേഖലയിലെ തൊഴിലവസരങ്ങൾ സ്വദേശിവൽക്കരിക്കുന്നത് സംബന്ധിച്ച കരട് നിയമത്തിന് ഖത്തർ മന്ത്രിസഭ അംഗീകാരം നൽകി. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് അൽഥാനിയുടെ അധ്യക്ഷതയിൽ ബുധനാഴ്ച അമീരി ദിവാനിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് കരടിന് അംഗീകാരം നല്കിയത്.
ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്ന തുർക്കിയിലെയും സിറിയയിലെയും ജനങ്ങൾക്കും സർക്കാരിനും മന്ത്രിസഭ ഐക്യദാർഢ്യവും അനുശോചനവും അറിയിച്ചു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് മന്ത്രിസഭ ആശംസിച്ചു. സ്വകാര്യ ജോലികളിലെ സ്വദേശിവൽക്കരണം സംബന്ധിച്ച കരട് നിയമത്തിന് അംഗീകാരം നൽകിയതിനൊപ്പം സ്വദേശിവൽക്കരണത്തിന് അനുവദിച്ച ആനുകൂല്യങ്ങളും സൗകര്യങ്ങളും പ്രത്യേക അവകാശങ്ങളും സംബന്ധിച്ച നിയമത്തിനും അനുമതി നല്കി. ഓരോ തൊഴിൽ മേഖലയിലെയും ദേശസാൽകൃത ജോലികൾ ഏതൊക്കെയെന്ന് നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്.
വ്യവസ്ഥകൾക്ക് വിധേയമായി സ്ഥാപനങ്ങൾക്ക് നൽകാവുന്ന ആനുകൂല്യങ്ങളും ദേശസാൽക്കരണ നിരക്കുകൾ പാലിക്കുന്ന സ്ഥാപനങ്ങൾക്ക് അനുവദിക്കാവുന്ന സൗകര്യങ്ങളും പ്രത്യേകാവകാശങ്ങളും വിശദീകരിക്കുന്നുണ്ട്. ആ സ്ഥാപനങ്ങളിലെ സ്വദേശി തൊഴിലാളികൾക്ക് നൽകാവുന്ന സാമ്പത്തിക ആനുകൂല്യങ്ങളും നിശ്ചയിക്കും. അഴിമതിക്കെതിരായ യു.എൻ കൺവെൻഷനിലെ സ്റ്റേറ്റ് പാർട്ടികളുടെ കോൺഫറൻസിന്റെ 11-ാമത് സമ്മേളനത്തിന്റെ ക്രമീകരണം സംബന്ധിച്ച് ഭരണകൂടവും ഐക്യരാഷ്ട്രസഭയും തമ്മിലുള്ള കരട് കരാർ മന്ത്രിസഭ അവലോകനം ചെയ്തു. ഔഖാഫ് ആൻഡ് ഇസ്ലാമികകാര്യ മന്ത്രിയുടെ തുർക്കി, യു.കെ സന്ദർശന ഫലങ്ങളും യോഗം അവലോകനം ചെയ്തു.