കൊച്ചി: കളമശേരി വ്യാജ ജനന സർട്ടിഫിക്കറ്റ് കേസിലെ മുഖ്യസൂത്രധാരൻ അനിൽ കുമാറെന്ന് റിമാൻഡ് റിപ്പോർട്ട്. മെഡിക്കൽ കോളേജ് സൂപ്രണ്ടിനെതിരെ അനിൽ ഉന്നയിച്ച ആരോപണങ്ങൾ തെറ്റാണെന്നും അനിൽ കുറ്റസമ്മതം നടത്തിയെന്നും പൊലീസ് പറഞ്ഞു. ഗണേഷ് മോഹനെതിരെ ആരോപണം ഉന്നയിച്ചത് താത്കാലികമായി രക്ഷപ്പെടാനാണെന്നാണ് അനിൽ കുമാർ ഇപ്പോൾ പൊലീസിന് നൽകിയിരിക്കുന്ന മൊഴി. വ്യാജ ജനന സർട്ടിഫിക്കറ്റ് തയ്യാറാക്കിയത് സാമ്പത്തിക നേട്ടത്തിനാണെന്നും ഇതിനായി ഒരു ലക്ഷത്തോളം രൂപ ലഭിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. കേസിലെ മറ്റൊരു പ്രതിയായ രഹ്നയുടെ പങ്ക് കൂടുതൽ അന്വേഷിക്കണമെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
കളമശേരി മെഡിക്കൽ കോളേജിലെ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്‍റായ അനിൽ കുമാറിനെ തമിഴ്നാട്ടിലെ മധുരയിൽ വച്ചാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. പണം വാങ്ങിയാണ് വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കി നൽകിയതെന്ന് അനിൽ കുമാർ പൊലീസിനോട് പറഞ്ഞിരുന്നു.
കസ്റ്റഡിയിലെടുത്ത അനിൽ കുമാറിനെ തൃക്കാക്കര അസിസ്റ്റന്‍റ് കമ്മീഷണറുടെ നേതൃത്വത്തിൽ പൊലീസ് വിശദമായി ചോദ്യം ചെയ്തു. വ്യാജ ജനന സർട്ടിഫിക്കറ്റ് ഇടപാടിൽ വൻ സാമ്പത്തിക ഇടപാട് നടന്നതായി പൊലീസിന് നേരത്തെ സൂചന ലഭിച്ചിരുന്നു. ചോദ്യം ചെയ്യലിൽ പണത്തിനായാണ് വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയതെന്നും കുട്ടിയെ ഏറ്റെടുത്ത ദമ്പതികൾ പണം നൽകിയെന്നും അനിൽ കുമാർ പൊലീസിനോട് പറഞ്ഞു.
കുട്ടിയെ ഏറ്റെടുത്ത ദമ്പതികളെ സുഹൃത്ത് വഴിയാണ് പരിചയപ്പെട്ടതെന്നും അനിൽ കുമാർ പറഞ്ഞു. അനിൽ കുമാറിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിൽ നേരത്തെ കുഞ്ഞിനെ ഏറ്റെടുത്ത ദമ്പതികളെ പൊലീസ് ചോദ്യം ചെയ്യും.