ന്യൂഡൽഹി: ബില്ലുകളിൽ സർക്കാരിനോട് വിശദീകരണം തേടിയതായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അഞ്ച് മാസം മുമ്പ് വിശദീകരണം തേടിയെങ്കിലും ഇതുവരെ നൽകിയിട്ടില്ല. ഗവർണർ വിശദീകരണം ചോദിച്ചാൽ നൽകാൻ മുഖ്യമന്ത്രിക്ക് ബാദ്ധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. വി.സി നിയമനം സംബന്ധിച്ച് നിയമോപദേശം തേടിയിട്ടില്ല. നിയമനം സംബന്ധിച്ച് ഹൈക്കോടതിയിൽ നിന്ന് നിർദ്ദേശമൊന്നും ലഭിച്ചിട്ടില്ലെന്നും ഉത്തരവിൽ വ്യക്തത തേടി കോടതിയെ സമീപിക്കില്ലെന്നും ഗവർണർ പറഞ്ഞു.
വൈസ് ചാൻസലർ നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിൽ സർക്കാരിന്റെ സ്വാധീനം ഉറപ്പിക്കാനുള്ള ബിൽ, സർവകലാശാല അപ്പലറ്റ് ട്രൈബ്യൂണൽ നിയമനത്തിൽ ഗവർണറെ മറികടക്കാനുള്ള ബിൽ, ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ മാറ്റുന്ന ബില്ലുകൾ എന്നിവയിൽ ഗവർണർ ഒപ്പിട്ടിട്ടില്ല. സാങ്കേതിക സർവകലാശാലയിൽ ആറ് സിൻഡിക്കേറ്റ് അംഗങ്ങളെ നാമനിർദേശം ചെയ്യാനുള്ള വ്യവസ്ഥ അപ്പലറ്റ് ട്രൈബ്യൂണൽ ബില്ലിന്‍റെ ഭാഗമാണ്. ഈ സിൻഡിക്കേറ്റ് അംഗങ്ങളുടെ കാര്യത്തിലും ഗവർണർക്ക് തീരുമാനമെടുക്കേണ്ടി വരും. അതേസമയം, ചാൻസലറുടെ ബില്ലുകൾ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയയ്ക്കാൻ ഗവർണർ തീരുമാനിച്ചിട്ടുണ്ട്.