മുംബൈ: ശിവസേന പാർട്ടിയും അമ്പും വില്ലും ചിഹ്നവും മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ വിഭാഗത്തിന് ലഭിക്കാൻ 2,000 കോടി രൂപയുടെ ഇടപാട് നടന്നതായി ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ് സഞ്ജയ് റാവത്ത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനം ഒരു ഡീലാണ്. ആദ്യഘടുവായിട്ടാണ് 2000 കോടിയുടെ ഇടപാട് നടന്നതെന്നും വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്‍റെ ചരിത്രത്തിൽ ഇതുപോലൊന്ന് ഇതുവരെ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭരണനേതൃത്വവുമായി അടുപ്പമുള്ള ഒരു ബിൽഡറാണ് ഇക്കാര്യം പങ്കുവച്ചത്. ഇതുമായി ബന്ധപ്പെട്ട തെളിവുകൾ തന്‍റെ പക്കലുണ്ടെന്നും അത് ഉടൻ പുറത്തുവിടുമെന്നും റാവത്ത് പറഞ്ഞു. റാവത്തിന്‍റെ പരാമർശത്തിനെതിരെ ഏക്നാഥ് ഷിൻഡെ വിഭാഗവും രംഗത്തെത്തി.
മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന വിഭാഗമാണ് മഹാരാഷ്ട്രയിലെ യഥാർത്ഥ ശിവസേനയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ വ്യക്തമാക്കിയിരുന്നു. അമ്പും വില്ലും ചിഹ്നവും ഷിൻഡെ വിഭാഗത്തിനു അനുവദിച്ചിരുന്നു. കഴിഞ്ഞ വർഷം ശിവസേനയിൽ പിളർപ്പുണ്ടായപ്പോൾ തങ്ങളാണ് യഥാർത്ഥ ശിവസേനയെന്ന് ഷിൻഡെ വിഭാഗവും ഉദ്ധവ് താക്കറെ വിഭാഗവും അവകാശപ്പെട്ടിരുന്നു. മഹാരാഷ്ട്രയിലെ നിയമസഭാ ഉപതിരഞ്ഞെടുപ്പ് കഴിയുന്നത് വരെ ‘കത്തുന്ന പന്തം’ ചിഹ്നം ഉപയോഗിക്കാൻ ഉദ്ധവ് താക്കറെ വിഭാഗത്തിനും അനുമതി നൽകിയിട്ടുണ്ട്.