Breaking News

പൊതുഗതാഗതമില്ല, രാത്രി 7.30 ന് ശേഷം യാത്ര പാടില്ല ; സംസ്ഥാനത്തെ വിവിധ സോണുകളിലെ ഇളവുകള്‍ ഇങ്ങനെ..

രാജ്യത്തെ ലോക്ക്ഡൗണ്‍ നീട്ടിയതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങളില്‍ ഭേദഗതി വരുത്തി. ഗ്രീന്‍ സോണുകളില്‍ കടകമ്പോളങ്ങളുടെ പ്രവര്‍ത്തന സമയം രാവിലെ 7 മുതല്‍

രാത്രി 7.30 വരെ ആയിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.  ആഴ്ചയില്‍ ആറുദിവസം അനുവദിക്കും. ഓറഞ്ച് സോണുകളില്‍ നിലവിലെ സ്ഥിതി തുടരുന്നതാണ്. ഗ്രീന്‍, ഓറഞ്ച്

സോണുകളില്‍ നിയന്ത്രണങ്ങള്‍ക്കു വിധേയമായി ടാക്‌സി, യൂബര്‍ പോലുള്ള കാബ് സര്‍വീസുകള്‍ അനുവദിക്കും. ഡ്രൈവറും രണ്ട് യാത്രക്കാരും മാത്രമേ പാടുള്ളു. ഹോട്ട്‌സ്‌പോട്ടുകളില്‍ ഒഴികെ

ഗ്രീന്‍, ഓറഞ്ച് സോണുകളില്‍ അന്തര്‍ ജില്ല യാത്രയ്ക്കും അനുമതിയുണ്ട്.  രാത്രി 7.30 ന് ശേഷം പുറത്തിറങ്ങുന്നതിന് നിയന്ത്രണമുണ്ടാകുമെന്നും മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക് കുറിപ്പില്‍ അറിയിച്ചു.

മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ:

കേന്ദ്രത്തിൻ്റെ പുതിയ ഉത്തരവ് കൂടി പരിഗണിച്ച് സംസ്ഥാനത്തെ വിവിധ സോണുകളിൽ അനുവദനീയമായ കാര്യങ്ങള്‍ നിശ്ചയിച്ചു.

  • ഗ്രീന്‍ സോണുകളില്‍ കടകമ്പോളങ്ങളുടെ പ്രവര്‍ത്തന സമയം രാവിലെ 7 മുതല്‍ രാത്രി 7.30 വരെ ആയിരിക്കും. അകലം സംബന്ധിച്ച നിബന്ധനകള്‍ പാലിക്കണം. ഇത് ആഴ്ചയില്‍ ആറുദിവസം അനുവദിക്കും. ഓറഞ്ച് സോണുകളില്‍ നിലവിലെ സ്ഥിതി തുടരും.
  • ഗ്രീന്‍ സോണുകളിലെ സേവന മേഖലയിലെ സ്ഥാപനങ്ങള്‍ ആഴ്ചയില്‍ മൂന്നു ദിവസം പരമാവധി 50 ശതമാനം ജീവനക്കാരുടെ സേവനം ഉപയോഗിച്ച് പ്രവര്‍ത്തിക്കാം. ഓറഞ്ച് സോണുകളില്‍ നിലവിലെ സ്ഥിതി തുടരും.
  • ഹോട്ട്സ്പോട്ടുകള്‍ ഒഴികെയുള്ള സ്ഥലങ്ങളില്‍ ഹോട്ടല്‍ ആന്‍റ് റസ്റ്റാറന്‍റുകള്‍ക്ക് പാഴ്സലുകള്‍ നല്‍കാനായി തുറന്നുപ്രവര്‍ത്തിക്കാം. നിലവിലുള്ള സമയക്രമം പാലിക്കണം.
  • ഷോപ്സ് ആന്‍റ് എസ്റ്റാബ്ലിഷ്മെന്‍റ് ആക്ടില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള സ്ഥാപനങ്ങള്‍ക്ക് നിലവിലെ സ്ഥിതി തുടരാവുന്നതാണ്. ഒന്നിലധികം നിലകളില്ലാത്ത ചെറുകിട ടെക്സ്റ്റയില്‍ സ്ഥാപനങ്ങള്‍ അഞ്ചില്‍ താഴെ ജീവനക്കാരുടെ സേവനത്തോടെ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കും. ഈ ഇളവുകള്‍ ഗ്രീന്‍/ ഓറഞ്ച് സോണുകള്‍ക്കാണ് ബാധകം.
  • ഗ്രീന്‍, ഓറഞ്ച് സോണുകളില്‍ നിയന്ത്രണങ്ങള്‍ക്കു വിധേയമായി ടാക്സി, യൂബര്‍ പോലുള്ള കാബ് സര്‍വീസുകള്‍ അനുവദിക്കും. ഡ്രൈവറും രണ്ട് യാത്രക്കാരും മാത്രമേ പാടുള്ളു.
  • ഹോട്ട്സ്പോട്ടുകളില്‍ ഒഴികെ ഗ്രീന്‍, ഓറഞ്ച് സോണുകളില്‍ അന്തര്‍ ജില്ല യാത്രയ്ക്ക് (അനുവദിക്കപ്പെട്ട കാര്യങ്ങള്‍ക്കു മാത്രം) അനുമതി നല്‍കും. കാറുകളില്‍ പരമാവധി രണ്ട് യാത്രക്കാരും ഡ്രൈവറും.
  • ചരക്കുവാഹനങ്ങളുടെ നീക്കത്തിന് നിയന്ത്രണങ്ങള്‍ ഉണ്ടാകില്ല. പ്രത്യേക പെര്‍മിറ്റും വേണ്ടതില്ല.
  • അത്യാവശ്യ കാര്യങ്ങള്‍ക്ക് രാവിലെ 7 മുതല്‍ വൈകിട്ട് 7.30 വരെ ജനങ്ങള്‍ക്ക് പുറത്തിറങ്ങാവുന്നതാണ്. (ഹോട്ട്സ്പോട്ടിലൊഴികെ). എന്നാല്‍, 65 വയസ്സിനു മുകളിലുള്ളവരും പത്തുവയസ്സിനു താഴെയുള്ളവരും വീടുകളില്‍ തന്നെ കഴിയണം. വൈകിട്ട് 7.30 മുതല്‍ രാവിലെ ഏഴുവരെയുള്ള രാത്രികാല സഞ്ചാരത്തിന് നിയന്ത്രണമുണ്ടാകും.
  • കൃഷിയും വ്യവസായവുമായി ബന്ധപ്പെട്ട് നേരത്തേ അനുവദിച്ച ഇളവുകള്‍ തുടരും.

കേന്ദ്രം അനുവദിച്ച ഇവിടെ പ്രത്യേകം പരാമര്‍ശിച്ചിട്ടില്ലാത്ത മറ്റ് ഇളവുകളും സംസ്ഥാനത്ത് ബാധകമായിരിക്കും. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് നിശ്ചിത സ്ഥലങ്ങളില്‍ പ്രഭാത സവാരി അനുവദിക്കും.

ഈ പൊതുവായ സമീപനം സ്വീകരിക്കുമ്പോള്‍ തന്നെ ഒരോ പ്രദേശത്തിന്‍റെയും സവിശേഷത കണക്കിലെടുത്ത് ആവശ്യമായ മാറ്റങ്ങള്‍ സംബന്ധിച്ച് ജില്ലാ കളക്ടര്‍, ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് ശുപാര്‍ശ സമര്‍പ്പിക്കേണ്ടതാണ്.

സംസ്ഥാനതലത്തില്‍ ചീഫ് സെക്രട്ടറി, ആഭ്യന്തര-ധനകാര്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍, റവന്യൂ-തദ്ദേശ-ആരോഗ്യ-ഐടി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍, പൊലീസ് മേധാവി എന്നിവരടങ്ങുന്ന ഉന്നതതല സമിതി ഇത് പരിശോധിച്ച് ഉത്തരവ് പുറപ്പെടുവിക്കും.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …