ഹണി ട്രാപ്പ് ഉൾപ്പെടെയുള്ള വിവാദങ്ങൾക്കിടെ സാമൂഹികമാധ്യമങ്ങളിൽ പോലീസ് ഉദ്യോഗസ്ഥർ ജാഗ്രത പാലിക്കണമെന്ന് ഡിജിപി അനിൽ കാന്തിന്റെ സർക്കുലർ. ഫോൺ സംഭാഷണങ്ങൾ റെക്കോർഡ് ചെയ്യാനോ, പ്രചരിപ്പിക്കാനോ പാടില്ലെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു. നെയ്യാറ്റിൻകര കോടതിയിലെ മജിസ്ട്രേട്ടും പാറശാല സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനുമായുള്ള ഫോൺ സംഭാഷണം സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു.
പൊലീസുകാരനോട് മോശമായി സംസാരിച്ച മജിസ്ട്രേറ്റിനെ വിവാദത്തെ തുടർന്ന് തൽസ്ഥാനത്ത് നിന്ന് മാറ്റുകയും ചെയ്തു. പോലീസ് ഉദ്യോഗസ്ഥനാണ് ഫോൺ സംഭാഷണം പ്രചരിപ്പിച്ചതെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി വാക്കാൽ വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സാമൂഹിക മാധ്യമങ്ങളിലെ ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തി ഡിജിപിയുടെ പുതിയ സർക്കുലർ എത്തിയത്.
സാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കുമ്പോൾ പോലീസ് ഉദ്യോഗസ്ഥർ ജാഗ്രത പാലിക്കണമെന്നാണ് സർക്കുലർ പറയുന്നത്. ഫോൺ റെക്കോർഡ് ചെയ്യാനോ, പ്രചരിപ്പിക്കാനോ പാടില്ല. സർക്കുലർ ലംഘിച്ചാൽ കർശന നടപടിയുണ്ടാകുമെന്നും ഡിജിപി വ്യക്തമാക്കുന്നു.
പോലീസ് സേനയ്ക്ക് നാണക്കേടുണ്ടാക്കിയ ഹണി ട്രാപ്പ് വിവാദത്തിനിടെയാണ് ഡിജിപിയുടെ സർക്കുലർ എന്നതും ശ്രദ്ധേയമാണ്. അതേസമയം പുതിയ ഉത്തരവ് ഉദ്യോഗസ്ഥർക്ക് എതിരെ ഉപയോഗിക്കപ്പെടാനുള്ള സാധ്യതയുണ്ടെന്നാണ് സേനയ്ക്കു ള്ളിലെ വിമർശനം.