തിരുവനന്തപുരം: കെ.എസ്.ഇ.ബി സ്മാർട്ട് മീറ്റർ പദ്ധതി നടപ്പാക്കിയില്ലെങ്കിൽ 4,060 കോടി രൂപയുടെ കടമെടുപ്പിന് കേന്ദ്രം തടസം പറഞ്ഞേക്കും. കേന്ദ്രം നിര്‍ദേശിച്ച ഏജന്‍സിയെ പദ്ധതി ഏല്‍പ്പിക്കുന്നതിനെ കെഎസ്ഇബി യൂണിയനുകള്‍ എതിര്‍ക്കുന്നതിനാല്‍ കരാര്‍ യാഥാര്‍ഥ്യമായിട്ടില്ല. ഇതുമൂലം കേന്ദ്ര ഗ്രാന്‍റായ 10,469 കോടി രൂപ നഷ്ടമാകുമെന്നാണ് വൈദ്യുതി വകുപ്പിന്‍റെ കണക്കുകൂട്ടൽ. വിഷയം ബോർഡ് കൈകാര്യം ചെയ്തതിലും സർക്കാരിന് അതൃപ്തിയുണ്ട്.
ട്രേഡ് യൂണിയനുകളുടെ എതിർപ്പിന്‍റെ പശ്ചാത്തലത്തിലാണ് ഈ വിഷയത്തിൽ മുന്നോട്ട് പോകാൻ കഴിയാത്തത്. 0.45 ശതമാനം വായ്പ അനുവദിച്ച കേന്ദ്രത്തിന്‍റെ പ്രധാന നിബന്ധനകളിലൊന്ന് സ്മാർട്ട് മീറ്ററുകൾ നടപ്പാക്കുക എന്നതായിരുന്നു. ഈ സാമ്പത്തിക വർഷം 4,060 കോടി രൂപ കടമെടുക്കാൻ കേരളത്തിന് കഴിയുമായിരുന്നു. എന്നിരുന്നാലും, അവർ നിർദ്ദേശിച്ച ഏജൻസിയായ ആർഇസിപിഡിസിഎലിലൂടെ നടപ്പാക്കണമെന്നായിരുന്നു നിർദ്ദേശം. എന്നാൽ നിർദ്ദേശം നടപ്പാകാത്തതിനാൽ അടുത്ത സാമ്പത്തിക വർഷത്തിൽ 4,060 കോടി രൂപ കൂടി കടമെടുക്കാനുള്ള അവസരം കേരളത്തിൻ നഷ്ടമാകുമെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടൽ.
കഴിഞ്ഞ മാസം ഈ വിഷയത്തിൽ ചർച്ച നടത്താൻ തീരുമാനിച്ചിരുന്നു. ഇടത് യൂണിയനുകൾ ഇടഞ്ഞുനില്‍ക്കുന്നതിനാല്‍ അവരുമായി ചർച്ച നടത്തി ധാരണയിലെത്താൻ വൈദ്യുതി മന്ത്രി ബോർഡിനെ ചുമതലപ്പെടുത്തിയിരുന്നു. എന്നാൽ ബോർഡിന്‍റെ ഭാഗത്ത് മെല്ലെപ്പോക്കുണ്ടായെന്നാണ് വൈദ്യുതി വകുപ്പിന്‍റെ വിലയിരുത്തൽ.