Breaking News

മാനസീകാരോഗ്യം വീണ്ടെടുത്തു; വീട്ടുകാർ തിരികെ കൂട്ടികൊണ്ടുപോകാതെ ഉപേക്ഷിക്കപ്പെട്ടത് 164 പേര്‍

തിരുവനന്തപുരം: മൂന്ന് സർക്കാർ മാനസികാരോഗ്യ കേന്ദ്രങ്ങളിൽ കഴിയുന്ന 164 പേരുടെ മാനസികാരോഗ്യം വീണ്ടെടുത്തെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചിട്ടും അവരുടെ കുടുംബങ്ങൾ തിരിച്ചെടുക്കാത്തതിനാൽ അവരെ പുനരധിവസിപ്പിക്കാൻ സ്വീകരിച്ച നടപടികൾ അറിയിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ചെയർമാൻ ജസ്റ്റിസ് ആന്‍റണി ഡൊമിനിക്. ഇക്കാര്യം പരിശോധിച്ച് നാലാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. കേസ് ഏപ്രിൽ 10ന് പരിഗണിക്കും.

പേരൂർക്കടയിൽ 100 പേരും കുതിരവട്ടത്ത് 39 പേരും തൃശൂരിൽ 25 പേരുമാണ് ബന്ധുക്കൾക്കായി കാത്തിരിക്കുന്നത്. എല്ലാവരും 25 നും 60 നും ഇടയിൽ പ്രായമുള്ളവരാണ്. ചികിത്സയ്ക്ക് വരുമ്പോൾ ബന്ധുക്കൾ നൽകുന്ന ഫോൺ നമ്പർ പിന്നീട് മാറ്റുകയും തെറ്റായ വിലാസം നൽകുകയും ചെയ്യുന്നത് രോഗം ഭേദമായവരെ ബന്ധുക്കൾക്ക് കൈമാറുന്നതിന് തടസമാകുന്നു. കഴിഞ്ഞ ദിവസം മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്‍റണി ഡൊമിനിക് പേരൂർക്കട മാനസികാരോഗ്യ കേന്ദ്രം സന്ദർശിച്ച് ആശുപത്രിയിലുള്ളവരെ പുനരധിവസിപ്പിക്കാൻ ആരോഗ്യവകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകിയിരുന്നു. ഇതിൽ സ്വീകരിച്ച നടപടികളും കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.

About News Desk

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …