ഭക്ഷണത്തിൽ അല്പം കൂടിയാലും, കുറഞ്ഞാലും ആരോഗ്യത്തെ ബാധിക്കുന്ന ഒന്നാണ് ഉപ്പ്. എന്നാൽ ഉപ്പിന്റെ അമിത ഉപയോഗം മൂലം സമൂഹത്തിൽ ആരോഗ്യപ്രശ്നങ്ങൾ വർദ്ധിച്ചു വരുന്നതിൽ മുൻകരുതൽ സ്വീകരിക്കണമെന്നറിയിച്ചിരിക്കുകയാണ് ലോകാരോഗ്യ സംഘടന.
സോഡിയത്തിന്റെ ഉപയോഗം 2025 ആവുമ്പോഴേക്കും 30% കുറക്കുക എന്ന ആഗോളലക്ഷ്യത്തിനാണ് ലോകാരോഗ്യ സംഘടന ലക്ഷ്യം വക്കുന്നത്. സ്ട്രോക്ക്, ഹൃദ്രോഗങ്ങൾ മുതൽ അകാലമരണത്തിലേക്ക് വരെ നയിക്കുന്നതിന് ഉപ്പിന്റെ അമിത ഉപയോഗം കാരണമാകുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. ശരീരത്തിൽ ജലത്തിന്റെയും, ലവണങ്ങളുടെയും സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ സോഡിയം പ്രധാന പങ്ക് വഹിക്കുന്നുണ്ടെങ്കിലും അമിത ഉപയോഗം അപകടമാണ്.
ഫാസ്റ്റ് ഫുഡ്, ചിപ്സ്, സ്നാക്സ്, ഇൻസ്റ്റന്റ് നൂഡിൽസ്, സംസ്കരിച്ച മാംസം, സൂപ്പ് എന്നിവയിലൂടെ സോഡിയത്തിന്റെ വകഭേദമായ സോഡിയം ഗ്ലൂട്ടാമേറ്റ് ശരീരത്തിൽ കടന്നുകൂടുമെന്നതിനാൽ ഇത്തരം ആഹാരവസ്തുക്കളുടെ ഉപയോഗം നിയന്ത്രിക്കുന്നതാണ് ഉത്തമം.