ലഹോർ: അറസ്റ്റ് ചെയ്യാൻ പൊലീസ് എത്തിയപ്പോൾ വൻ മാർച്ച് നടത്തി പാകിസ്ഥാൻ മുന്‍ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. സ്ത്രീകളടക്കം ആയിരക്കണക്കിന് ആളുകളാണ് ഇമ്രാന്‍റെ റാലിയിൽ പങ്കെടുക്കാനെത്തിയത്. ഇമ്രാൻ ഖാനെതിരെ രണ്ട് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് (പിടിഐ) പ്രസിഡന്‍റ് ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യാൻ ഇസ്ലാമാബാദ് പൊലീസ് സംഘം പ്രത്യേക ഹെലികോപ്റ്ററിൽ ആണ് ലാഹോറിലെത്തിയത്. അവർ ലാഹോറിൽ വന്നിറങ്ങിയതിന് പിന്നാലെ ഖാൻ തന്‍റെ സമാൻ പാർക്കിലെ വസതിയിൽ നിന്ന് ഒരു വലിയ ജനക്കൂട്ടത്തിന്‍റെ അകമ്പടിയോടെ ജാഥ ആരംഭിക്കുകയായിരുന്നു. ഇമ്രാന്‍റെ വാഹന ജാഥയെ അനുയായികൾ റോസാപ്പൂ ഇതളുകൾ എറിഞ്ഞാണ് സ്വീകരിച്ചത്.
വനിതാ ജഡ്ജിയെ പൊതുയോഗത്തിൽ ഭീഷണിപ്പെടുത്തിയതിനും തോഷാഖാന കേസിൽ കോടതിയിൽ ഹാജരാകാതിരുന്നതിനുമാണ് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. അതേസമയം, ഇമ്രാന്‍റെ മാർച്ചിനെക്കുറിച്ച് ലാഹോർ ജില്ലാ ഭരണകൂടത്തെ മുൻകൂട്ടി അറിയിച്ചിരുന്നു. ഒരു പി.ടി.ഐ നേതാവ് പോലും ജുഡീഷ്യറി, ഭരണഘടനാ സ്ഥാപനങ്ങൾ തുടങ്ങിയവയ്ക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തരുതെന്നായിരുന്നു ജില്ലാ ഭരണകൂടത്തിന്‍റെ നിബന്ധന.