ജില്ലാ ക്ഷീര സഹകാരി അവാർഡിന് ചെത്തടി ഉപാസനയിൽ ശ്രീമതി ആര്‍. പ്രസന്നകുമാരി അർഹയായി. ഇടുക്കി ജില്ലയിൽ അണക്കരയിൽ വച്ച് നടന്ന സംസ്ഥാന ക്ഷീര കർഷക സംഗമം 2024 വച്ച് അവാർഡ് ഏറ്റുവാങ്ങി. ജില്ലയിലെ മികച്ച ക്ഷീര കർഷകർക്ക് സംസ്ഥാന ക്ഷീര വികസന വകുപ്പ് നൽകുന്ന ക്ഷീരസഹകാരി അവാർഡ് രണ്ടാം തവണയാണ് പ്രസന്ന കുമാരിയെ തേടിയെത്തുന്നു.
ഇരുപതിനായിരം രൂപയും പ്രശസ്തിപത്രവുമാണ് അവാർഡ്. കൊല്ലം ജില്ലയിലെ മികച്ച വനിത ക്ഷീര കർഷകക്കുള്ള അവാർഡും ഈ വർഷം ക്ഷീരവികസന വകുപ്പ് മന്ത്രി ശ്രീമതി ജെ.ചിഞ്ചുറാണിയിൽ നിന്നും ഏറ്റുവാങ്ങിയിരുന്നു. ക്ഷീര മേഖലയിലും ശാസ്ത്രീയമായ മറ്റു നൂതന കൃഷി രീതികളിലും വിജയഗാഥ രചിച്ചിട്ടുള്ള പ്രസന്നകുമാരിക്ക് മുൻപും പല അവാർഡുകളും ലഭിച്ചിട്ടുണ്ട്.
വെട്ടിക്കവല ബ്ലോക്ക് ക്ഷീരവികസന യൂണിറ്റ് പരിധിയിലുള്ള മേലില ഗ്രാമപഞ്ചായത്തിൽ നൂറിലധികം പശുക്കളുമായി പ്രവർത്തിച്ചുവരുന്ന ഉപാസന ഡയറി ഫാമിന്‍റെ സാരഥിയാണ് ശ്രീമതി പ്രസന്നകുമാരി. പൊതുപ്രവർത്തകനും വ്യവസായിയുമായ ഉപാസനയിൽ ശ്രീ കെ ദിലീപിൻറെ ഭാര്യയാണ് .2018ൽ വെട്ടിക്കവല ബ്ലോക്ക് ക്ഷീരവികസന യൂണിറ്റിൽനിന്നും അനുവദിച്ച 10 യൂണിറ്റുമായി ‘ പ്രവർത്തനമാരംഭിച്ച ഉപാസന ഡയറി ഫാമിൽ ഇപ്പോൾ വെച്ചൂർ ,ജേഴ്സി, എച്ച് എഫ് സഹിവാൾ തുടങ്ങിയ വിവിധയിനം പശുക്കൾ ഉണ്ട്.
പശുവളർത്തലിനു പുറമേ 150 ഓളം വിവിധ ഇനത്തിൽപ്പെട്ട ആടുകളെയും വളർത്തുന്നുണ്ട്. ഫാമിൽ ഇപ്പോൾ 650 ലിറ്റർ പാലാണ് ഉത്പാദിപ്പിക്കുന്നത് .ഇതിൽ 600 ലിറ്റർ പാലും ദിനംപ്രതി ക്ഷീരോല്പാദക സഹകരണ സംഘത്തിലാണ് അളക്കുന്നത്. 50 ലിറ്റർ പാൽ പ്രാദേശിക വില്പനയും നടത്തുന്നു. കറവക്കാർക്കൊപ്പംആധുനിക കറവ യന്ത്രങ്ങളും ഉപയോഗിക്കുന്നുണ്ട്. പുലർച്ചെ 3:00 മണിക്കും ഉച്ചയ്ക്ക് മൂന്ന് മണിക്കുമാണ് കറവ.
പശുക്കൾക്ക് തീറ്റ നൽകുന്നതിനായി എട്ടേക്കറിൽകൂടുതൽ തീറ്റപ്പുല്ല് ,രണ്ടര ഏക്കർ സ്ഥലത്ത് ചോളം എന്നിവ കൃഷി ചെയ്തിട്ടുണ്ട്. ഇതുകൂടാതെ 20 ഏക്കർസ്ഥലത്തു നെല്ല് ,വാഴ, കവുങ്ങ് ,തെങ്ങ് ,കുരുമുളക്, പച്ചക്കറി എന്നിവയും കൃഷി ചെയ്തുവരുന്നു. പാലുല്പാദനത്തിൽ സ്വയം പര്യാപ്തത എന്ന ലക്ഷ്യം മുൻനിർത്തി പ്രവർത്തിക്കുന്ന ക്ഷീര വികസനവകുപ്പിന്റെ ഈ പുരസ്കാരംനേടിയതിലൂടെ മേഖലയിൽ കൂടുതൽ ഇച്ഛാശക്തിയോടെ പ്രവർത്തിക്കാൻ കഴിയുന്നു എന്ന് പ്രസനകുമാരി പറഞ്ഞു