കണ്ണൂരിൽ ഇതര സംസ്ഥാന തൊഴിലാളിയെ സുഹൃത്ത് കൊന്ന് കുഴിച്ചുമൂടി. മൂർഷിദാബാദ് സ്വദേശി അഷിക്കുൽ ഇസ്ലാമിനാണ് കൊല്ലപ്പെട്ടത്. പ്രതിയായ ബംഗാൾ സ്വദേശി പരേഷ്നാഥിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപ്പെടുത്തിയ ശേഷം മൃതദേഹം നിർമാണത്തിലിരുന്ന കെട്ടിടത്തിൽ കുഴിച്ചുമൂടുകയായിരുന്നു.
കഴിഞ്ഞ ജൂൺ 28 ന് ഇരിക്കൂർ പൊലീസ് സ്റ്റേഷനിൽ മൂർഷിദാബാദ് സ്വദേശി അഷിക്കുൽ ഇസ്ലാമിനെ കാണാനില്ലെന്ന പരാതിയിൽ ഒരു മിസ്സിംഗ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. അഷിക്കുൽ ഇസ്ലാമിന്റെ സഹോദരനാണ് പരാതി നൽകിയിരുന്നത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ അഷിക്കുലിനൊപ്പം താമസിച്ചിരുന്ന സുഹൃത്തുക്കളെ കാണാനില്ലെന്ന് കണ്ടെത്തി.
റൂറൽ എസ്.പി.യുടെ നിർദേശ പ്രകാരം അന്വേഷണ സംഘം രൂപീകരിക്കുകയും, അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്ക് വ്യാപിപ്പിക്കുകയും ചെയ്തു. തുടർന്നുണ്ടായ അന്വേഷണത്തിലെ മുംബൈയിൽ നിന്ന് പരേഷ്‌നാഥ് പിടിയിലായത്. കൊലപാതകത്തിന് ശേഷം പരേഷ്‌നാഥ് ഒളിവിൽ കഴിയുകയായിരുന്നു.
പാർശനത്തിനെ ചോദ്യം ചെയ്തതിലൂടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ഇരിക്കൂർ പെരുവളത്തുപറമ്പിലുള്ള ഒരു കെട്ടിട നിർമാണത്തിനിടെയാണ് കൊലപതാകം നടത്തിയതെന്ന് പ്രതി വ്യക്തമാക്കി. ഇരുവരും ഒന്നിച്ചായിരുന്നു ജോലി ചെയ്തിരുന്നത്. അഷിക്കുൽ ഇസ്ലാമിനെ കൊലപ്പെടുത്തിയ ശേഷം കെട്ടിടത്തിന്റെ ബാത്റൂമിൽ മൃതദേഹം മറവു ചെയ്യുകയായിരുന്നു.
അതിന് ശേഷം ബാത്രോമിന്റെ തറ കോൺക്രീറ്റ് ചെയ്യുകയും ചെയ്തു. ദൃശ്യം സിനിമയെ അനുസ്മരിപ്പിക്കുന്ന വിധമൊരു കൃത്യമാണ് ചെയ്തിരിക്കുന്നത്. ഇരുട്ടി ഡി.വൈ.എസ്.പി. പ്രിൻസ് ഏബ്രഹാമിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പ്രതിയുമായി സംഭവ സഥലത്ത് എത്തിയിട്ടുണ്ട്.
അഷിക്കുൽ ഇസ്ലാമിന്റെ മൃതദേഹം പുറത്തെടുക്കാനുള്ള നടപടിക്രമങ്ങൾ നടന്ന് വരികയാണ്. ഇത്തരത്തിലൊരു അരുംകൊലയിലേക്ക് എത്തിച്ച കരണമെന്തെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.