ക്രിക്കറ്റ് ആസ്വാദകര്‍ക്ക് പ്രതീക്ഷകള്‍ നല്‍കിക്കൊണ്ട് ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്യേഴ്സ്. ഇന്ത്യയില്‍ നടക്കുന്ന ട്വന്റി 20 ലോകകപ്പില്‍ ദേശിയ ടീമിലേക്ക് മടങ്ങി വരുന്നതിനെക്കുറിച്ച് ചിന്തിക്കുന്നതായി എബിഡി പറഞ്ഞു.
ഇക്കാര്യത്തെക്കുറിച്ച് പരിശീലകന്‍ മാര്‍ക്ക് ബൗച്ചറുമായി സംസാരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 37 കാരനായ എബി 2018ലാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. “കഴിഞ്ഞ വര്‍ഷം ബൗച്ചര്‍ ഇക്കാര്യത്തെക്കുറിച്ച് എന്നോട് സംസാരിക്കുകയും ഞാന്‍ സന്നദ്ധതയറിയിക്കുകയും ചെയ്തിരുന്നു.
എന്റെ ഫോമും ശാരീരികക്ഷമതയും നോക്കേണ്ടതുണ്ട്. മികച്ച താരങ്ങളാണ് ടീമിന് ആവശ്യം. എനിക്ക് അവസരം ലഭിച്ചില്ലങ്കില്‍ ഇല്ല, അത്രമാത്രം. പക്ഷെ ടീമില്‍ തിരിച്ചെത്താന്‍ സാധിക്കുകയാണെങ്കില്‍ അത് വലിയൊരു കാര്യമാകും,
” കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരശേഷം എബി പറഞ്ഞു. കൊല്‍ക്കത്തക്കെതിരെ കേവലം 34 പന്തില്‍ ഡീവില്യേഴ്സ് 76 റണ്‍സ് നേടിയിരുന്നു. ഒമ്ബത് ഫോറുകളും മൂന്ന് സിക്സുമായിരുന്നു താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നത്.
223 ആയിരുന്നു എബിയുടെ പ്രഹരശേഷി. ഈ ഇന്നിങ്സിന് ശേഷം താരം ദേശിയ ടീമിലേക്ക് തിരിച്ചുവരണമെന്ന ആവശ്യവുമായി ആരാധകര്‍ സമൂഹമാധ്യമങ്ങളില്‍ എത്തിയിരുന്നു.
അതേസമയം ഡീവില്യേഴ്സ് തിരിച്ചുവരണമെന്ന ആഗ്രഹവുമായി ജെമൈക്കന്‍ സ്പ്രിന്റെര്‍ യോഹാന്‍ ബ്ലേക്ക് രംഗത്തെത്തി. ഡീവില്യേഴ്സ് വേറെ ലെവലിലാണിപ്പോള്‍. ദക്ഷിണാഫ്രിക്കന്‍ ടീമിനിപ്പോള്‍ താരത്തെ
ആവശ്യമാണ്, ബ്ലേക്ക് ട്വിറ്ററില്‍ കുറിച്ചു. വിരാട് കോഹ്ലിക്കും ഡീവില്യേഴ്സിനുമൊപ്പം ബാംഗ്ലൂരിന് വേണ്ടി കളിക്കണമെന്ന ആഗ്രഹം ബ്ലേക്ക് നേരത്തെ പങ്കുവെച്ചിരുന്നു.