ഹരിയാനയില്‍ കര്‍ഷകരും പൊലീസും തമ്മില്‍ ഏറ്റുമുട്ടല്‍. കര്‍ണാലില്‍ നടന്ന സംഘര്‍ഷത്തില്‍ പത്ത് കര്‍ഷകര്‍ക്ക് പരിക്കേറ്റു.
മൂന്ന് പേരുടെ ആരോഗ്യ നില ഗുരുതരമാണ്. ഇതിനിടെ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് നിലവില്‍ കര്‍ഷകര്‍ ഡല്‍ഹി – ഹിസാര്‍ ദേശീയപാത ഉപരോധിക്കുന്നു.
പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍ വിളിച്ചുചേര്‍ത്ത ബിജെപി ജനപ്രതിനിധികളുടെ യോഗത്തിലേക്ക് കര്‍ഷകര്‍
പ്രതിഷേധമുയര്‍ത്തിയതോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കമിട്ടത്. ഇവിടേക്ക് എത്തിയ കര്‍ഷകരെ പൊലീസ് തടയുകയായിരുന്നു.
അതെ സമയം സംഘര്‍ഷത്തില്‍ 50 പേരെ കസ്റ്റഡിയിലെടുത്തെന്നും പരിക്കേറ്റ കര്‍ഷകരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. കേന്ദ്രം ഏര്‍പ്പെടുത്തിയ
വിവാദമായ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ സമരം ചെയ്യുന്ന കര്‍ഷക സംഘടനകള്‍ മൂന്നാംഘട്ട സമരം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പൊലീസുമായി ഏറ്റുമുട്ടലുണ്ടായിരിക്കുന്നത്.