ഉത്തര്‍പ്രദേശില്‍ കര്‍ഷകരെ കാറിടിച്ചു കൊന്ന സംഭവത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. മരിച്ച നാല് കര്‍ഷകരുടേയും കുടുംബാംഗങ്ങള്‍ക്ക് 45 ലക്ഷം രൂപയുടെ ധനസഹായവും ആശ്രിതരില്‍ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലിയും നല്‍കുമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അറിയിച്ചു. ഇതിനുപുറമേ പരിക്കേറ്റവര്‍ക്ക് 10 ലക്ഷം രൂപയും സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്.
സംഭവത്തില്‍ കര്‍ഷകരുടെ മൊഴിയെ അടിസ്ഥാനപ്പെടുത്തി എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുമെന്നും വിരമിച്ച ഹൈക്കോടതി ജഡ്ജിയെക്കൊണ്ട് ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്നും സര്‍ക്കാര്‍ അറിയിച്ചു. ഇതുവരെയായും പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നുമുള്ള ഒരു നേതാവിനെ പോലും സംഭവസ്ഥലം സന്ദര്‍ശിക്കാന്‍ പൊലീസ് അനുവദിച്ചിട്ടില്ല. സംഭവത്തില്‍ പ്രതിഷേധിച്ച്
പഞ്ചാബ് ഗവര്‍ണറുടെ വസതിക്കു മുന്നില്‍ സമരം ചെയ്ത കോണ്‍ഗ്രസ് നേതാവ് നവ്ജ്യോത് സിംഗ് സിദ്ദുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. നേരത്തെ പ്രിയങ്കാ ഗാന്ധി, സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.