കഴിഞ്ഞദിവസം രാത്രിയാണ് കടുത്തുരുത്തി മങ്ങാട്ടിലില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനിയും ഒപ്പമെത്തിയ നാല് ആണ്‍സുഹൃത്തുക്കളും ചേര്‍ന്ന് ആക്രമണം അഴിച്ചുവിട്ടത്. പടക്കമെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഇവര്‍ പ്രശ്നം
പരിഹരിക്കാനെത്തിയ അയൽവാസിയായ പരിഷത്ത് ഭവനില്‍ അശോകനെ കുത്തിപരിക്കേല്‍പ്പിക്കുകയായിരുന്നു.
കാപ്പുന്തല താമസിക്കുന്ന പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ പ്രണയത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ശ്രമിച്ച മങ്ങാട്ടില്‍ സ്വദേശിയും സഹപാഠിയുമായ മറ്റൊരു പെണ്‍കുട്ടിയൊടുള്ള വൈരാഗ്യമാണ് നാടകീയ
സംഭവങ്ങള്‍ക്ക് പിന്നിലെന്ന് പൊലീസ് പറയുന്നു. കാപ്പുന്തല സ്വദേശിയായ പെണ്‍കുട്ടി ചങ്ങനാശ്ശേരി സ്വദേശിയായ യുവാവുമായി പ്രണയത്തിലാണ്.
എന്നാല്‍ ഈ പ്രണയത്തില്‍നിന്ന് പിന്മാറണമെന്ന് യുവാവിന്റെ മുന്‍കാമുകി ആവശ്യപ്പെട്ടു. ഇക്കാര്യം തനിക്ക് പരിചയമുള്ള മങ്ങാട്ടിലിലെ പെണ്‍കുട്ടിയെ മുന്‍കാമുകി അറിയിച്ചു.
സഹപാഠിയായ പെണ്‍കുട്ടിയോട് പ്രണയത്തില്‍നിന്ന് പിന്മാറാന്‍ പറയണമെന്നായിരുന്നു യുവാവിന്റെ മുന്‍കാമുകി മങ്ങാട്ടിലിലെ പെണ്‍കുട്ടിയോട് പറഞ്ഞത്.
ഇതനുസരിച്ച് മാങ്ങാട്ടിലിലെ പെണ്‍കുട്ടി സഹപാഠിയോട് കാര്യം പറഞ്ഞു. ഇതോടെ കാപ്പുന്തലയിലെ പെണ്‍കുട്ടി യുവാവിനോട് കാര്യം തിരക്കി. എന്നാല്‍ തനിക്ക് അങ്ങനെയൊരു
ബന്ധമുണ്ടായിരുന്നില്ലെന്നും പ്രണയബന്ധം തകര്‍ക്കാനാണ് ഇങ്ങനെ പറയുന്നതെന്നുമായിരുന്നു ചങ്ങനാശ്ശേരിക്കാരനായ കാമുകന്റെ മറുപടി.
ഇതേച്ചൊല്ലി മങ്ങാട്ടിലിലെ പെണ്‍കുട്ടിയും കാപ്പുന്തലയിലെ പെണ്‍കുട്ടിയും തമ്മില്‍ ഫോണിലൂടെ വാക്കുതര്‍ക്കമായി. സംഭവം ശ്രദ്ധയില്‍പ്പെട്ട മങ്ങാട്ടിലിലെ പെണ്‍കുട്ടിയുടെ സഹോദരനും
പ്രശ്നത്തില്‍ ഇടപെട്ടു. തുടര്‍ന്ന് പ്രശ്നം പറഞ്ഞുതീര്‍ക്കാമെന്ന് പറഞ്ഞാണ് കാപ്പുന്തലയിലെ പെണ്‍കുട്ടിയും
കാമുകന്‍ അടക്കമുള്ള നാല് യുവാക്കളും ഞായറാഴ്ച രാത്രി മങ്ങാട്ടിലില്‍ എത്തിയത്. എന്നാല്‍, മങ്ങാട്ടിലില്‍ എത്തിയ സംഘം അക്രമം അഴിച്ചുവിടുകയായിരുന്നു. മങ്ങാട്ടില്‍ സ്വദേശിയായ പെണ്‍കുട്ടിയുടെ പിതാവുമായി ഇവര്‍ തര്‍ക്കത്തിലേര്‍പ്പെട്ടു. പിന്നാലെ പടക്കമെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.
ഇത് കണ്ടാണ് സമീപവാസിയായ അശോകന്‍ പ്രശ്നം പരിഹരിക്കാനെത്തിയത്. എന്നാല്‍ സംഘത്തിലെ യുവാക്കള്‍ അശോകനെ കത്തി കൊണ്ട് കുത്തുകയായിരുന്നു. നെഞ്ചില്‍ കുത്തേറ്റ് നിലത്തുവീണിട്ടും അശോകനെ യുവാക്കള്‍ മര്‍ദിച്ചെന്നാണ് നാട്ടുകാര്‍ പറയുന്നത്. സമീപവാസികളായ കൂടുതല്‍ പേര്‍ എത്തിയാണ് അശോകനെ ആശുപത്രിയിലെത്തിച്ചത്.
നെഞ്ചില്‍ രണ്ട് സെന്റിമീറ്ററിലേറെ ആഴത്തിലാണ് അശോകന് കുത്തേറ്റിട്ടുള്ളത്. ശ്വാസകോശത്തിലും മുറിവുണ്ടായിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
അക്രമിസംഘത്തിലുണ്ടായിരുന്ന പെണ്‍കുട്ടിയെയും രണ്ട് യുവാക്കളെയും നാട്ടുകാര്‍ തന്നെ പിടികൂടിയാണ് പൊലീസില്‍ ഏല്‍പ്പിച്ചത്. ഇതിനിടെ രണ്ടുപേര്‍ സ്ഥലത്തുണ്ടായിരുന്ന ബൈക്ക് എടുത്ത് കടന്നുകളഞ്ഞു.
സിപിഎം ബ്രാഞ്ച് സെക്രട്ടറി സജീവ് കെ. പാലിയപാടത്തിന്റെ ബൈക്കുമായാണ് യുവാക്കള്‍ രക്ഷപ്പെട്ടത്. പിന്നീട് വഴിയരികില്‍ ബൈക്ക് ഉപേക്ഷിക്കുകയും ചെയ്തു. സംഭവത്തില്‍ ഒരാളെ കൂടി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഴിഞ്ഞദിവസം രാത്രിയുണ്ടായ ആക്രമണത്തിന് പിന്നാലെ
ബൈക്ക് മോഷ്ടിച്ച് കടന്നുകളഞ്ഞ രണ്ടുപേരില്‍ ഒരാളെയാണ് പൊലീസ് തിങ്കളാഴ്ച രാവിലെ കസ്റ്റഡിയിലെടുത്തത്. ഇതോടെ സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് യുവാക്കള്‍ കസ്റ്റഡിയിലായി. ഒരാളെ കൂടി കേസില്‍ പിടികൂടാനുണ്ട്. യുവാക്കള്‍ വന്ന കാറില്‍നിന്ന് കത്തി കണ്ടെടുത്തിട്ടുണ്ടെന്ന് കടുത്തുരുത്തി എസ്.എച്ച്.ഒ. പറഞ്ഞു.