എടുപ്പുകളത്ത് കൊല്ലപ്പെട്ട ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ മരണകാരണം തലയ്ക്കേറ്റ മുറിവാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ആറ് വെട്ടുകളാണ് തലയ്ക്കേറ്റതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ശരീരത്തില്‍ ആകെ 30 വെട്ടുകളാണ് ഉണ്ടായിരുന്നതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നതായി മനോരന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. തലയിലെ ആറ് വെട്ടുകളും ആഴത്തിലുള്ളതായിരുന്നു.
ആക്രമണം പ്രതിരോധിക്കുന്നതിനിടെയാണ് ശരീരത്തില്‍ വെട്ടേറ്റതെന്നാണ് പ്രാഥമിക നിഗമനം. ചോരവാര്‍ന്ന നിലയിലാണ് സഞ്ജിത്തിനെ ആശുപത്രിയില്‍ എത്തിച്ചിരുന്നത്. പക്ഷെ ജീവന്‍ രക്ഷിക്കാനായിരുന്നില്ല. മൂന്ന് പേര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയെന്നാണ് സഞ്ജിത്തിന്റെ ഭാര്യയുടെ മൊഴി. അതേസമയം, പ്രതികള്‍ക്കായുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. പാലക്കാട് എസ്പിയുടെ നേതൃത്വത്തില്‍ എട്ട് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം.
നിലവില്‍ സിസിടിവിയില്‍ ഉള്‍പ്പെട്ട രണ്ട് വാഹനങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രതികള്‍ സഞ്ചിരിച്ച വാഹനം തൃശൂര്‍ ഹൈവേയില്‍ പ്രവേശിച്ചതായി വ്യക്തമായിട്ടുണ്ട്. ഇന്നലെ രാവിലെ ഒന്‍പത് മണിയോടെയായിരുന്നു കൊലപാതകം നടന്നത്. ഭാര്യയുടെ വീട്ടില്‍ നിന്നും മടങ്ങവെ കാറിലെത്തിയ സംഘമാണ് സഞ്ജിത്തിനെ ആക്രമിച്ചത്. ബൈക്കില്‍ നിന്നും സഞ്ജിത്തിനെ ബലം പ്രയോഗിച്ച് റോഡിലേക്ക് വലിച്ചിഴച്ചതിന് ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.