നടി കെ പി എ സി ലളിതയ്ക്ക് കരള്‍ നല്‍കാന്‍ തയ്യാറുള്ളവരെ തേടി കുടുംബം.ചികിത്സയുടെ ഭാഗമായി കരള്‍ എത്രയും പെട്ടെന്ന് മാറ്റിവയ്ക്കണമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം. ‘ഒ പോസിറ്റീവ്’ രക്തഗ്രൂപ്പുള്ള ആരോഗ്യമുള്ള 20 മുതല്‍ 50 വയസുള്ള ദാതാക്കളെയാണ് തേടുന്നതെന്നാണ് ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നത്. സിനിമാ രംഗത്തെ പ്രമുഖര്‍ ഉള്‍പ്പടെയുള്ളവര്‍ ഇതുസംബന്ധിച്ച് പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുന്നുണ്ട്.
പ്രമേഹരോഗികളല്ലാത്തവരും മദ്യപിക്കാത്തവരും മറ്റുരോഗങ്ങള്‍ ഇല്ലാത്തവരും ആയിരിക്കണം ദാതാവ്. അതേസമയം, കെപിഎസി ലളിതയ്ക്ക് സര്‍ക്കാര്‍ ചികിത്സ സഹായം പ്രഖ്യാപിച്ചതിനെതിരെയുള്ള വിമര്‍ശനം ഏറുകയാണ്. പാവപ്പെട്ടവര്‍ക്ക് ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുമ്ബോഴും സിനിമാ നടിക്ക് ലക്ഷങ്ങള്‍ സര്‍ക്കാര്‍ നല്‍കുന്നതിനെയാണ് കൂടുതല്‍ പേരും ചോദ്യം ചെയ്യുന്നത്.
വിമര്‍ശനം ഏറിയതോടെ ചികിത്സാ സഹായം നല്‍കിയതിനെ ന്യായീകരിച്ച് മന്ത്രി വി അബ്ദുറഹിമാന്‍ രംഗത്തെത്തി.നടിയുടെ ഭാഗത്ത് നിന്നും സഹായിക്കണമെന്ന് അപേക്ഷ ലഭിച്ചതിനാലാണ് സര്‍ക്കാര്‍ നടപടി കൈക്കൊണ്ടതെന്ന് മന്ത്രി അറിയിച്ചു.