സംസ്ഥാന സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ ടാക്‌സി സേവനമായ ‘കേരള സവാരി’ മെയ് 19ന് ആരംഭിക്കും. പരീക്ഷണാടിസ്ഥാനത്തില്‍ തിരുവനന്തപുരത്താണ് ടാക്‌സി സേവനം നിലവില്‍ വരുന്നത്. സംസ്ഥാന തൊഴില്‍ വകുപ്പും കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ ടെലിഫോണ്‍ ഇന്‍ഡസ്ട്രീസിന്റെ സാങ്കേതിക പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
കേരള മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡാണ് കേരള സവാരി എന്ന പേരില്‍ ഊബര്‍, ഒല പോലെ ടാക്‌സി സര്‍വീസുകള്‍ ആരംഭിക്കാനുള്ള നിര്‍ദേശവുമായി സര്‍ക്കാരിനെ സമീപിച്ചത്. കഴിഞ്ഞ നവംബര്‍ ഒന്നിന് സര്‍വീസ് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ജിപിഎസ് ഏകോപനം, സോഫ്റ്റ്‌വെയര്‍ കോള്‍ സെന്റര്‍ എന്നിവയടക്കമുള്ള പദ്ധതിയുടെ പ്രാരംഭ ചെലവുകള്‍ ഐടിഎയാകും വഹിക്കുക. ടാക്‌സി ബുക്ക് ചെയ്യുന്നതിന് മൊബൈല്‍ ആപ്പ് ഉണ്ട്.
ബുക്കിങ്ങിലൂടെ ലഭിക്കുന്ന വരുമാനത്തിന്റെ ആറ് ശതമാനം കമ്ബനിക്കും രണ്ട് ശതമാനം സര്‍ക്കാരിനുമാണ് ലഭിക്കുക. ആദ്യ ഘട്ടത്തില്‍ 75 ഓട്ടോയും 25 ടാക്‌സിയുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ 15 ഓട്ടോയിലും അഞ്ച് ടാക്‌സിയിലും വനിത ഡ്രൈവര്‍മാരായിരിക്കും. വാഹനത്തില്‍ അലേര്‍ട്ട് ബട്ടന്‍ ഉള്‍പ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഉണ്ട്. സാങ്കേതിക സമിതിയും നാറ്റ്പാകും പൈലറ്റ് പദ്ധതി പരിശോധിച്ചതിന് ശേഷമാകും എല്ലാ ജില്ലകളിലും വ്യാപിപ്പിക്കുക.