ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തിനിടെ രാജ്യസഭയിൽ പ്രതിഷേധവുമായി പ്രതിപക്ഷം. നടുത്തളത്തിലേക്കിറങ്ങിയ പ്രതിപക്ഷാംഗങ്ങൾ ഇരിപ്പിടങ്ങളിലേക്ക് മടങ്ങണമെന്ന് രാജ്യസഭാ അധ്യക്ഷൻ ആവശ്യപ്പെട്ടു. മോദിയും അദാനിയും സഹോദരങ്ങളാണെന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ മുദ്രാവാക്യം.
അതേസമയം പ്രതിപക്ഷത്തിന്‍റെ പെരുമാറ്റം രാജ്യതാൽപര്യത്തിന് വിരുദ്ധമാണെന്ന് പ്രധാനമന്ത്രി രാജ്യസഭയിൽ പറഞ്ഞു. നന്ദിപ്രമേയ ചർച്ചയിൽ പങ്കെടുത്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷത്തിന്‍റെ പ്രതിഷേധം ദൗർഭാഗ്യകരമാണെന്നും കോൺഗ്രസ് കുടുംബം രാജ്യത്തെ നശിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
അദാനി-മോദി ബന്ധത്തെക്കുറിച്ചുള്ള മല്ലികാർജുൻ ഖാർഗെയുടെ പരാമർശം രാജ്യസഭാ രേഖകളിൽ നിന്ന് നീക്കം ചെയ്തു. ഇത് സെൻസർഷിപ്പാണെന്നും രാജ്യസഭാ ചെയർമാന്റെ പരാമർശമാണ് നീക്കം ചെയ്യേണ്ടതെന്നും കോൺഗ്രസ് പറഞ്ഞു. ബുധനാഴ്ച രാഹുൽ ഗാന്ധി നടത്തിയ പരാമർശവും ലോക്സഭാ രേഖകളിൽ നിന്ന് നീക്കം ചെയ്തിരുന്നു.