ബെംഗളൂരു: ബംഗളൂരുവിൽ നിന്ന് എറണാകുളം, തൃശ്ശൂർ, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കായി എട്ട് എസി മൾട്ടി ആക്സിൽ വോൾവോ സ്ലീപ്പർ ‘അംബാരി ഉത്സവ്’ ബസുകൾ നിരത്തിലിറക്കുന്നു. സുഖപ്രദമായ യാത്രയ്ക്കൊപ്പം സുരക്ഷ ഉറപ്പാക്കുന്ന നൂതന സാങ്കേതിക വിദ്യകൾ ബസിൽ സജ്ജീകരിക്കുമെന്ന് കർണാടക ആർടിസി അറിയിച്ചു.
പുതിയ സർവീസുകൾ 21ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഉദ്ഘാടനം ചെയ്യും. 20 വോൾവോ ബസുകളാണ് കർണാടക വാങ്ങുന്നത്. ഒന്നേമുക്കാൽ കോടി രൂപയാണ് ഒരു ബസിന്‍റെ വില. യാത്രാ തീയതിയും നിരക്കും നിശ്ചയിച്ചിട്ടില്ല.
നിലവിൽ എറണാകുളത്തേക്ക് 1500 രൂപയാണ് ടിക്കറ്റ് നിരക്ക്. തൃശൂരിലേക്ക് 1410 രൂപയും തിരുവനന്തപുരത്ത് 1810 രൂപയുമാണ് ടിക്കറ്റ് വില. ഇത് തന്നെ തുടരാനാണ് സാധ്യത. കേരളത്തിൽ എറണാകുളത്തേക്ക് മാത്രമാണ് കർണാടക ആർടിസി മൾട്ടി ആക്സിൽ വോൾവോ എസി സ്ലീപ്പർ ബസ് (അംബാരി ഡ്രീം ക്ലാസ്) സർവീസ് നടത്തുന്നത്.