തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കൂടിയ താപനിലയ്ക്ക് സാധ്യത. ഒരു ജില്ലയിലും പ്രത്യേക മുന്നറിയിപ്പില്ലെങ്കിലും കഴിഞ്ഞ ദിവസങ്ങളിലേതിന് സമാനമായ ചൂട് അനുഭവപ്പെട്ടേക്കും. ഇന്നലെ പകൽ ആറ് സ്റ്റേഷനുകളിൽ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ ഉയർന്നിരുന്നു. കണ്ണൂർ, കാസർകോട്, പാലക്കാട് ജില്ലകളിലാണ് ഇന്നലെ താപനില 40 ഡിഗ്രി സെൽഷ്യസ് കടന്നത്.
അന്തരീക്ഷത്തിൽ നിലനിൽക്കുന്ന എതിർ ചുഴിയുടെ സാന്നിധ്യമാണ് ഈ ദിവസങ്ങളിൽ താപനില ഉയരാൻ കാരണം. വരും ദിവസങ്ങളിലും താപനില ഉയരാനാണ് സാധ്യത. കണ്ണൂർ വിമാനത്താവളത്തിൽ 41.3 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി. കണ്ണൂർ ചെമ്പേരിയിൽ 41.1 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി. പാലക്കാട് എരിമയൂരിൽ 40.5 ഡിഗ്രി സെൽഷ്യസും കാസർകോട് പാണത്തൂരിൽ 40.3 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി. കണ്ണൂർ ആറളത്ത് 40.2 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി.
താപനില കൂടുന്നതിനനുസരിച്ച് ജലക്ഷാമം രൂക്ഷമാകുമെന്ന് സി ഡബ്ല്യു ആർ ഡി എമ്മിലെ ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വരും ദിവസങ്ങളിൽ മഴ പെയ്തില്ലെങ്കിൽ ജലസ്രോതസ്സുകളിലെ ജലനിരപ്പ് ഗണ്യമായി കുറയും. കഴിഞ്ഞ ഒരു മാസത്തെ താപനില കഴിഞ്ഞ വർഷത്തേക്കാൾ ഉയർന്ന നിലയിലാണ്. പാലക്കാട് ജില്ലയിൽ രാത്രി താപനിലയിൽ 2.9 ഡിഗ്രിയുടെ വർധനയുണ്ടായി. കൊച്ചി, കൊല്ലം, തൃശ്ശൂർ ജില്ലകളിൽ മാത്രമാണ് കഴിഞ്ഞ തവണത്തേക്കാൾ കുറഞ്ഞ താപനില രേഖപ്പെടുത്തിയത്.