ചെന്നൈ: നടൻ ധനുഷും ഭാര്യ ഐശ്വര്യയും വേർപിരിയുന്നുവെന്ന വാർത്ത പുറത്തുവന്നിട്ട് ഏറെ നാളായി. എന്നിരുന്നാലും, ഇരുവരും ഇതുവരെ ഔദ്യോഗികമായി വേർപിരിഞ്ഞിട്ടില്ലെന്നും, നിയമനടപടികളിലേക്ക് കടന്നിട്ടില്ലെന്നും ആയിരുന്നു ഇതുവരെയുള്ള വിവരം. എന്നാൽ ധനുഷിൽ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് ഐശ്വര്യ രജനീകാന്ത് ചെന്നൈയിലെ സിവിൽ കോടതിയിൽ വിവാഹമോചന ഹർജി ഫയൽ ചെയ്തുവെന്നതാണ് പുറത്തുവരുന്ന ഏറ്റവും പുതിയ വാർത്ത.
അതേസമയം, കഴിഞ്ഞ ശിവരാത്രിയോട് അനുബന്ധിച്ച് ധനുഷ് തന്‍റെ മാതാപിതാക്കൾക്ക് ഒരു സ്വപ്ന ഭവനം സമ്മാനിച്ചിരുന്നു. അന്നത് വലിയ മാധ്യമ ശ്രദ്ധയും പിടിച്ച് പറ്റിയിരുന്നു. ചെന്നൈയിലെ പോയസ് ഗാർഡനിലാണ് ധനുഷ് മാതാപിതാക്കൾക്കായി വീട് നിർമിച്ചുനൽകിയത്. വീടിന് 150 കോടി രൂപ വില വരുമെന്ന് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഈ വീടിന് ധനുഷിന്‍റെ ദാമ്പത്യവുമായി ബന്ധമുണ്ടെന്നായിരുന്നു അന്ന് പുറത്ത് വന്ന വാർത്ത.
രജനീകാന്തിന്‍റെ വീടിനോട് തൊട്ട് ചേർന്നാണ് ധനുഷ് മാതാപിതാക്കൾക്കായി നിർമ്മിച്ച വീട്. ധനുഷിന്‍റെ പുതിയ വീട് രജനിയുടെ വീടിന് അടുത്ത് വന്നത് സംബന്ധിച്ചാണ് അന്ന് അഭ്യൂഹങ്ങള്‍ വന്നത്. ഒരു വർഷത്തിലേറെയായി ഭാര്യ ഐശ്വര്യയുമായി അകന്നു കഴിയുകയാണ് ധനുഷ്. വേർപിരിയുകയാണെന്ന് ഇരുവരും നേരത്തെ സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കിയിരുന്നു. എന്നാൽ വേർപിരിയാനുള്ള നിയമനടപടികൾ ഇതുവരെ സ്വീകരിച്ചിട്ടില്ലെന്നായിരുന്നു കുടുംബ വൃത്തങ്ങൾ അന്ന് പറഞ്ഞത്.
ഫിലിം ക്രിട്ടിക്സ് ഉമെയിര്‍ സന്ധുവാണ് ആദ്യം ഐശ്വര്യ കേസ് ഫയല്‍ ചെയ്ത വിവരം പുറത്തുവിട്ടത്. ഇദ്ദേഹത്തിന്റെ ട്വീറ്റ് പ്രകാരം ധനുഷ് മറ്റൊരു സ്ത്രീയോടൊപ്പം ചേർന്ന് ഐശ്വര്യയെ ചതിച്ചുവെന്നാണ് പുറത്ത് വരുന്നത്.