കുവൈത്ത് സിറ്റി: കുവൈറ്റിൽ നിരവധി പേർ പകർച്ചപ്പനി ബാധിച്ച് ചികിത്സ തേടി. സീസണൽ ഇൻഫ്ലുവൻസ ബാധിച്ച് ആശുപത്രിയിൽ എത്തുന്നവരുടെ എണ്ണത്തിൽ വർദ്ധനവുണ്ടായതായി ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. നിലവിൽ രാജ്യത്തെ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്നും പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും അധികൃതർ അറിയിച്ചു.
പനി ബാധിച്ച് എത്തുന്ന പലർക്കും കൊറോണയ്ക്ക് സമാനമായ ലക്ഷണങ്ങളുണ്ട്. കാലാവസ്ഥാ വ്യതിയാനം, ഋതുഭേദങ്ങൾ, മുതലായവയാണ് സീസണൽ ഇൻഫ്ലുവൻസ രോഗ ബാധ വ്യാപിക്കാനുള്ള പ്രധാന കാരണങ്ങൾ. വീട്ടിലോ ജോലിസ്ഥലത്തോ വാഹനങ്ങൾക്കകത്തോ എയർ കണ്ടീഷനിംഗ് ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതും ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവരുമായി നിരന്തരം സമ്പർക്കം പുലർത്തുന്നതും രോഗവ്യാപനത്തിന് കാരണമാകുന്നതാണ്.
6 മാസത്തിനും 5 വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികൾ, 65 വയസിന് മുകളിലുള്ളവർ, ഗർഭിണികൾ, ആരോഗ്യ സ്ഥാപനങ്ങളിലെ ജീവനക്കാർ തുടങ്ങിയവർ പ്രതിരോധ വാക്സിനുകൾ സ്വീകരിക്കണമെന്നും നിർദേശം ഉണ്ട്.