തിരുവനന്തപുരം: ചർമമുഴ വന്ന പശുക്കളുടെ ചികിത്സ മൃഗാശുപത്രി വഴി സൗജന്യമാക്കാനുള്ള നടപടികൾ ആരംഭിച്ചതായി മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. എല്ലാ വീടുകളിലും വാക്സിൻ നൽകാനുള്ള ക്രമീകരണം ഏർപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. കാലിത്തീറ്റയിൽ മായം ചേർക്കുന്നത് തടയാനുള്ള നിയമം ഉടൻ നടപ്പാക്കുമെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.
കാലിത്തീറ്റയിലെ മായം തടയാൻ ബിൽ തയ്യാറാണ്, എത്രയും വേഗം നിയമം പാസാക്കും. നിയമം പ്രാബല്യത്തിൽ വന്നാൽ കുറ്റം ചെയ്യുന്നവർ ശിക്ഷിക്കപ്പെടുമെന്നും മന്ത്രി പറഞ്ഞു. എല്ലാ വീടുകളിലും വാക്സിൻ നൽകാനുള്ള ക്രമീകരണങ്ങൾ നടത്തിവരികയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. 30,000 രൂപ, 16,000 രൂപ, 5,000 രൂപ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി തിരിച്ചാണ് ധനസഹായം നൽകുക. രോഗം ബാധിച്ച് ചത്ത പശുക്കൾക്കാണ് സഹായം. പശുക്കളുടെ വലുപ്പവും പ്രായവും കണക്കിലെടുത്താണ് ധനസഹായം. ഇൻഷുറൻസ് നൽകാനുള്ള സംവിധാനവും ഏർപ്പെടുത്തും.
അതേസമയം, ആര്യങ്കാവിൽ പിടികൂടിയ പാലിലെ മായം കണ്ടെത്താൻ കഴിയാത്തത് സമയം വൈകിയതിനാലാണെന്ന് മന്ത്രി ചിഞ്ചുറാണി നിയമസഭയിൽ ആവർത്തിച്ചു. ക്ഷീരവികസന വകുപ്പിനും പരിശോധനയിലും നിയമനടപടികളിലും നിയമപരമായ അധികാരം നൽകണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഇക്കാര്യം സർക്കാർ പരിശോധിച്ച് വരികയാണ്. നിലവിൽ നിയമനടപടി സ്വീകരിക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പിന് അധികാരമുള്ളതിനാൽ ഉത്തരവാദിത്തം ഭക്ഷ്യസുരക്ഷാ വകുപ്പിനാണ്. നിയമസഭയ്ക്ക് പുറത്ത് മൃഗസംരക്ഷണ വകുപ്പും ഭക്ഷ്യസുരക്ഷാ വകുപ്പും തമ്മിൽ ഭിന്നതയുണ്ടാക്കുന്ന വിഷയമാണിതെന്നും മന്ത്രി കൂട്ടിച്ചേർത്തു.