അഫ്ഗാനിലെ കാബൂള്‍ വിമാനത്താവളത്തിന് സമീപം ഇന്നലെയുണ്ടായ ഇരട്ട ചാവേര്‍ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 110 ആയി. കൊല്ലപ്പെട്ടവരില്‍ പതിമൂന്ന് അമേരിക്കന്‍ സൈനികര്‍ കൂടിയുള്ളതായാണ് റിപ്പോര്‍ട്ട്.
വിദേശികളും അഫ്ഗാന്‍ സൈനികരുമടക്കം രാജ്യം വിട്ട് പോകുന്നവരുടെ തിരക്കും സംഘര്‍ഷവും നിലനില്‍ക്കുന്നതിനിടേയാണ് സ്‌ഫോടനങ്ങള്‍ അരങ്ങേറിയത്.
കാബൂളില്‍ ആക്രമണമുണ്ടാവുമെന്ന് അമേരിക്ക കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. ആഗസ്റ്റ് 31ആണ് വിദേശസേനകള്‍ അഫ്ഗാന്‍ വിട്ടുപോകാനുള്ള അവസാന തീയ്യതി.
എത്രയും വേഗം തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കുന്ന തിരക്കിലാണ് അമേരിക്ക, യു.കെ തുടങ്ങിയ രാജ്യങ്ങള്‍. അമേരിക്കയുടെ സഹായത്തോടെ കാബൂള്‍ വിമാനത്താവളം വഴി ഒരുലക്ഷം പേരെയാണ് ഇതുവരെ പുറത്തെത്തിച്ചത്.
അതേസമയം, ആക്രമണം നടത്തിയ ഐഎസ്‌കെയെ വേട്ടയാടി കണക്ക് ചോദിക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു.
‘ആക്രമണം നടത്തിയവരും അമേരിക്കയ്ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാമെന്ന് ആഗ്രഹിക്കുന്നവരും ഇക്കാര്യം അറിയുക. ഞങ്ങളിത് മറക്കില്ല. നിങ്ങളെ വേട്ടയാടിപ്പിടിക്കും.
ഭീകരവാദികള്‍ക്ക് ഞങ്ങളെ പിന്തിരിപ്പിക്കാനാകില്ല. ഒഴിപ്പിക്കല്‍ തുടരും’ വൈറ്റ്ഹൗസില്‍ നടത്തിയ പ്രസംഗത്തില്‍ ബൈഡന്‍ വ്യക്തമാക്കി. വ്യാഴാഴ്ച രാത്രിയാണ് കാബൂളിലെ ഹമീദ് കര്‍സായി അന്താരാഷ്ട്ര വിമാനത്താവളത്തിന് പുറത്ത് രണ്ട് ചാവേര്‍ ബോംബ് സ്‌ഫോടനങ്ങള്‍ ഉണ്ടായത്.
ഭീകരാക്രമണ ഭീഷണികളടക്കം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് നേരത്തെ നിശ്ചയിച്ചതിലും വേഗത്തില്‍ ഒഴിപ്പിക്കല്‍ പൂര്‍ത്തിയാക്കുന്നത്. നേരത്തെ യാത്രാരേഖകള്‍ ലഭിച്ചിട്ടുള്ള വ്യക്തികളെ മുഴുവന്‍ വിമാത്താവളങ്ങളില്‍ എത്തിക്കുന്നുണ്ട്. നാറ്റോ സേനയെ സഹായിച്ച അഫ്ഗാനികളായ മുഴുവന്‍ പേര്‍ക്കും വിസ നല്‍കുമെന്ന വാഗ്ദാനം അമേരിക്കയടക്കം പാലിക്കാന്‍ തയ്യാറാവുന്നില്ല.
NEWS 22 TRUTH . EQUALITY . FRATERNITY