ആത്മഹത്യ ചെയ്യാൻ ഇത്തിക്കരയാറ്റില്‍ ചാടിയ യുവതി വെള്ളത്തിന്റെ നീരൊഴുക്ക് കണ്ട് ഭയന്ന് മരച്ചില്ലയിൽ തൂങ്ങി കിടന്നത് ഒന്നരമണിക്കൂറിലധികം. മരച്ചില്ലയില്‍ തൂങ്ങിക്കിടന്ന് നിലവിളിച്ചതിനെത്തുടര്‍ന്ന് വീട്ടമ്മയായ യുവതിയെ പിന്നീട് നാട്ടുകാരാണ് രക്ഷിച്ചത്. ശനിയാഴ്ച രാത്രി ഏഴരയോടെയായിരുന്നു ആത്‍മഹത്യ ശ്രമവും പിന്നീടുള്ള നാടകീയ രംഗങ്ങളും.
കാളവയല്‍ സ്വദേശിയായ 23 കാരിയാണ് ശനിയാഴ്ച വൈകിട്ട് ഇത്തിക്കരയാറ്റില്‍ ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചത്. എന്നാൽ ആറ്റിലെ നീരൊഴുക്ക് കണ്ട് ഭയന്ന് ആത്മഹത്യ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. ഇവര്‍ വെള്ളത്തില്‍ മുങ്ങിപ്പൊങ്ങുന്നതിനിടെ വെപ്രാളപ്പെട്ട്, ആറ്റിലേക്ക് ചാഞ്ഞുനിന്ന മരത്തിന്റെ കൊമ്പിൽ പിടിച്ച് തൂങ്ങിക്കിടക്കുകയായിരുന്നു. ഉടനെ തന്നെ രക്ഷിക്കാൻ നിലവിളിച്ചെങ്കിലും ആരും ആദ്യം ഗൗനിച്ചില്ല.
എന്നാൽ രാത്രി 7.30 കഴിഞ്ഞിട്ടും കരച്ചില്‍ നിലയ്ക്കാത്തതിനെത്തുടര്‍ന്ന് പരിസരവാസിയായ മഹേഷ് സുഹൃത്തുക്കളായ ചന്ദ്രബോസ്, രാജേഷ്, വിഷ്ണു, മനീഷ് എന്നിവരെ വിളിച്ചുവരുത്തി ശബ്ദം കേട്ട ഭാഗത്ത് നടത്തിയ തിരച്ചിലിലാണ് തേരക മരത്തിന്റെ ചില്ലയില്‍ തൂങ്ങിക്കിടക്കുന്ന യുവതിയെ കണ്ടെത്തുകയും രക്ഷാപ്രവർത്തനം നടത്തുകയുമായിരുന്നു.
അതേസമയം ഒന്നരമണിക്കൂറിലധികം മരച്ചില്ലയിൽ തൂങ്ങികിടന്ന യുവതിയെ രക്ഷിച്ചപ്പോൾ കൈകാലുകള്‍ തണുത്ത് കോച്ചിമരവിച്ച നിലയിലായിരുന്നു. വിവാഹിതയും ഒരു കുഞ്ഞിന്റെ അമ്മയുമായ യുവതി കടബാദ്ധ്യതയെത്തുടർന്നാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് പൊലീസിനു മൊഴി നൽകി. പൂയപ്പള്ളി പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.