ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം സുനിൽ ഛേത്രിക്ക് ഇന്ന് 36-ാം ജന്മദിനം. കളിച്ചും നയിച്ചും അന്താരാഷ്ട്ര ഫുട്ബോളിൽ ഛേത്രി ഒന്നരപ്പതിറ്റാണ്ട് തികച്ചത് അടുത്തിടെയായിരുന്നു.
ഇന്ത്യൻ സൈനികനായിരുന്ന കെ.ബി ഛേത്രി-സുശീല ഛേത്രി ദമ്ബതികളുടെ മകനായി 1984 ഓഗസ്റ്റ് മൂന്നിന് സെക്കന്തരാബാദിലായിരുന്നു അദ്ദേഹത്തിന്റെ ജനനം.രാജ്യത്തിനായി ഏറ്റവും കൂടുതൽ കളിച്ച താരം,
ടോപ് സ്കോറർ, അന്താരാഷ്ട്ര ഫുട്ബോളിൽ നിലവിൽ കളിക്കുന്ന താരങ്ങളിൽ ഗോൾവേട്ടയിൽ രണ്ടാമൻ, നെഹ്റു കപ്പ്, സാഫ് കപ്പ്, എ.എഫ്.സി. ചാലഞ്ച് കപ്പ്, സൂപ്പർ ലീഗ്, ഐ ലീഗ് കിരീടങ്ങൾ തുടങ്ങി കരിയറിൽ ഒട്ടേറെ ചരിത്രനേട്ടങ്ങൾ സ്വന്തമാക്കിയ താരമാണ് അദ്ദേഹം. 115 മത്സരങ്ങളുമായി രാജ്യത്തിനായി ഏറ്റവും കൂടുതൽ കളിച്ച താരവും 72 ഗോളുകളുമായി ഏറ്റവും കൂടുതൽ ഗോൾ നേടിയ താരവുമാണ്.
അന്താരാഷ്ട്ര ഫുട്ബോളിൽ നിലവിൽ കളിക്കുന്ന ഗോൾവേട്ടക്കാരിൽ രണ്ടാം സ്ഥാനത്താണ് ഛേത്രി. 138 കളിയിൽനിന്ന് 70 ഗോൾ നേടിയ അർജന്റീന താരം ലയണൽ മെസ്സി മൂന്നാം സ്ഥാനത്താണ്. 164 കളിയിൽ നിന്ന് 99 ഗോൾ നേടിയ പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ഒന്നാമത്. 2011-ൽ അർജുന പുരസ്കാരം അദ്ദേഹത്തെ തേടിയെത്തി. 2019-ൽ പദ്മശ്രീ നൽകി രാജ്യം ആദരിച്ചു. ആറു തവണ രാജ്യത്തെ മികച്ച ഫുട്ബോൾ താരമായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.