വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്‍റി-20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ അയര്‍ലന്‍ഡിന് തകര്‍പ്പന്‍ ജയം. നാല് റണ്‍സിനാണ് വെസ്റ്റ് ഇന്‍ഡീസിനെ തകര്‍ത്തത്.
ആദ്യം ബാറ്റ് ചെയ്ത അയര്‍ലന്‍ഡ് 20 ഓവറില്‍ ഏഴ് വിക്കറ്റിന് 208 എന്ന കൂറ്റന്‍ സ്കോര്‍ പടുത്തുയര്‍ത്തി.
ശക്തമായി തിരിച്ചടിച്ച വിന്‍ഡീസിന് പക്ഷേ, ലക്ഷ്യം മറികടക്കാന്‍ കഴിഞ്ഞില്ല. 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സ് നേടാനെ വിന്‍ഡീസിന് സാധിച്ചുള്ളൂ.
47 പന്തില്‍ 95 റണ്‍സ് അടിച്ചുകൂട്ടിയ ഓപ്പണര്‍ പോള്‍ സ്റ്റിര്‍ലിംഗിന്‍റെ വെടിക്കെട്ട് ഇന്നിംഗ്സാണ് അയര്‍ലന്‍ഡിന് ജയം സമ്മാനിച്ചത്. സ്റ്റിര്‍ലിംഗ് എട്ട് സിക്സും ആറ് ഫോറും പറത്തി.
ഓപ്പണിംഗ് വിക്കറ്റില്‍ സ്റ്റിര്‍ലിംഗ്-കെവിന്‍ ഒബ്രിയാന്‍ സഖ്യം 12.3 ഓവറില്‍ 154 റണ്‍സ് അടിച്ചുകൂട്ടിയിരുന്നു. ഒബ്രിയാന്‍ 48 റണ്‍സ് നേടി. കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസിനായി ഓപ്പണര്‍ എവിന്‍ ലൂയിസ് അര്‍ധ സെഞ്ചുറി (53) നേടി. മൂന്ന് വര്‍ഷത്തെ ഇടവേള കഴിഞ്ഞ് വിന്‍ഡീസ് ടീമിലേക്ക് തിരിച്ചെത്തിയ ഡ്വയ്ന്‍ ബ്രാവോ രണ്ടു വിക്കറ്റ് വീഴ്ത്തി.