ടിക് ടോക്കില്‍ വീഡിയോ ചെയ്യുന്നതിനിടെ കൗമാരക്കാരന് ദാരുണാന്ത്യം. കൊല്‍ക്കത്തയിലെ പിര്‍ഗഞ്ചിലാണ് സുഹൃത്തുക്കള്‍ക്കൊപ്പം ടിക് ടോക് വീഡിയോ എടുക്കുന്നതിനിടെയാണ് പതിനേഴുകാരന്‍ മരണപ്പെട്ടത്.
ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. കൗമാരക്കാരനെ ഇലക്‌ട്രിക് പോസ്റ്റില്‍ ബന്ധിച്ച ശേഷം മുഖം പ്ലാസ്റ്റിക് കവര്‍ ഉപയോഗിച്ച് സുഹൃത്തുക്കള്‍ മുറുക്കെ കെട്ടുകയും ആ അവസ്ഥയില്‍ നിന്ന് കൗമാരക്കാരന്‍ രക്ഷപെടുന്നത് ചിത്രീകരിക്കാനാണ് പ്രായപൂര്‍ത്തിയാകാത്ത മറ്റ് രണ്ട് സുഹൃത്തുക്കള്‍ ചേര്‍ന്ന് ശ്രമിച്ചത്.
എന്നാല്‍, വീഡിയോ ഷൂട്ട് ചെയ്യുന്നത് 10 മിനിറ്റോളം നീണ്ടപ്പോള്‍ ശ്വാസം മുട്ടി മരിക്കുകയായിരുന്നു. കൗമാരക്കാരന്‍ മരിച്ചെന്ന് മനസിലായതോടെ പേടിച്ച സുഹൃത്തുക്കള്‍ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു.
ഗ്രാമവാസികളാണ് കൗമാരക്കാരനെ ബോധമില്ലാത്ത അവസ്ഥയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അതിനകം മരണം സംഭവിച്ചിരുന്നു. കൗമാരക്കാരനും സുഹൃത്തുക്കളും ടിക് ടോക്കില്‍ വളരെ സജീവമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
കൗമാരക്കാരന്റെ സുഹൃത്തുക്കള്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ടെന്നും ബന്ധുക്കള്‍ വ്യക്തമാക്കി. സംഭവത്തില്‍ അസ്വഭാവിക മരണത്തിന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതായും അറിയിച്ചു.