യാത്രക്കാരന്റെ പെട്ടി കീറിപ്പോയ സംഭവത്തില്‍ വിമാനക്കമ്പനിയായ ഗോ എയര്‍ എയര്‍ലൈന്‍സ് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്. ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തിന്റെതാണ് ഉത്തരവ്.
മുംബൈ അന്ധേരി സ്വദേശിയുടെ പെട്ടി കീറിയ വകയിലാണ് വിമാന കമ്പനി നഷ്ടപരിഹാരം നല്‍കേണ്ടത്. 2019 ജൂലൈ മാസത്തില്‍ അഹമ്മദാബാദില്‍ നിന്ന് മുംബൈയിലേക്കുള്ള യാത്രക്കിടെയാണ് ഇയാളുടെ പെട്ടി കീറിയത്.
കണ്‍വെയര്‍ ബെല്‍റ്റില്‍ നിന്നും പെട്ടി എടുത്തപ്പോഴാണ് ഇതിന്റെ മുന്‍വശം കീറിയിരിക്കുന്നതായി ശ്രദ്ധയില്‍പെട്ടത്. ഉടന്‍ തന്നെ ഇത് എയര്‍ലൈന്‍ അധികൃതരുടെ ശ്രദ്ധയില്‍പെടുത്തി.
പരാതി ഇ -മെയില്‍ ആയി അയക്കാനും പരിഹാരം കാണാമെന്ന ഉറപ്പും നല്‍കിയിരുന്നു. എന്നാല്‍, ഇ -മെയിലിന് യാതൊരു പ്രതികരണവും ഇല്ലാതെ വന്നതോടെ വിമാനക്കമ്പനിക്കെതിരെ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തെ ഇയാള്‍ സമീപിക്കുകയായിരുന്നു.
പെട്ടിക്ക് സംഭവിച്ച തകരാറിന് 7500 രൂപയും യാത്രക്കാരന്‍ അനുഭവിച്ച മാനസിക പിരിമുറുക്കത്തിന് 5000 രൂപയും നിയമ വ്യവഹാര ചെലവായി 3000 രൂപയും നല്‍കാന്‍ കമ്പനിയോട് ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം ഉത്തരവിടുകയായിരുന്നു.
എന്നാല്‍ പെട്ടിക്ക് ചെറിയ കേടുപാട് മാത്രമാണ് സംഭവിച്ചതെന്നായിരുന്നു വിമാനക്കമ്പനിയുടെ പ്രതികരണം. നഷ്ടപരിഹാരം നല്‍കാന്‍ മാത്രമുള്ള തകരാര്‍ സംഭവിച്ചിട്ടില്ലെന്നും, ആയിരം രൂപ
നല്‍കാമെന്നും വിമാനക്കമ്പനി പറയുകയും എന്നാല്‍, കമ്പനിയുടെ ഭാഗത്ത് നിന്ന് സേവനത്തിലും വ്യാപാരത്തിലും ഗുരുതരമായ വീഴ്ചയുണ്ടായെന്ന് ഫോറം വിലയിരുത്തുകയായിരുന്നു.