സംസ്ഥാനത്ത് കോവിഡ് -19 ബാധ വലിയൊരു വ്യാപനത്തിലേക്ക് പോകാനിടയില്ലെന്ന ശുഭപ്രതീക്ഷയിലാണ് ആരോഗ്യ മേഖല. അടുത്ത ഞായറാഴ്ചയാകുമ്ബോള്‍ വ്യാപനത്തെക്കുറിച്ചുള്ള
വ്യക്തമായ ചിത്രം തെളിഞ്ഞേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. വിദേശത്തു നിന്നുള്ള അവസാന യാത്രാ വിമാനം വന്നത് മാര്‍ച്ച് 22 നായിരുന്നു. അതനുസരിച്ച് അടുത്ത ഞായറാഴ്ചയാകുമ്ബോള്‍ 14 ദിവസം പിന്നിടുന്നതാണ്.
അപ്പോള്‍ കൊറോണ വൈറസ് വ്യാപനത്തിന്റെ ഒരു തോത് നിര്‍ണയിക്കാനാവും. കേരളത്തില്‍ ആദ്യം വൈറസ് ബാധിച്ചത് വുഹാനില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥികള്‍ക്കായിരുന്നു. രണ്ടാമത് ഇറ്റലി, യു.കെ,
ദുബായ് എന്നിവിടങ്ങളില്‍ നിന്നും വന്നവരിലും,അവരുമായി സമ്ബര്‍ക്കത്തിലേര്‍പ്പെട്ട വര്‍ക്കുമായിരുന്നു. ഇങ്ങനെ വിദേശങ്ങളില്‍ നിന്ന് ഏറ്റവുമൊടുവില്‍ വന്നവര്‍ക്കും അവരുമായി സമ്ബര്‍ക്കത്തിലേര്‍പ്പെട്ടവര്‍ക്കും
( പട്ടിക തയ്യാറാക്കിയതനുസരിച്ച്) വൈറസ് ബാധയുണ്ടായോ എന്ന ചിത്രം ഞായറാഴ്ചയോടെ അറിയാന്‍ സാധിക്കും. മൂന്നാമത്തെ ഘട്ടത്തിലേക്ക് ,അതായത് സാമൂഹ്യ വ്യാപനത്തിലേക്ക് കടക്കുമോ ഇല്ലയോ എന്നതും മനസ്സിലാകും.
കേരളത്തില്‍ സാമൂഹ്യ വ്യാപനത്തിലേക്ക് കടക്കാനുള്ള സാധ്യത വളരെ കുറവാണെന്ന് കേരളത്തില്‍ ദീര്‍ഘകാലം ആരോഗ്യവകുപ്പിന്റെ ചുമതല സമര്‍ത്ഥമായി നിര്‍വഹിച്ച മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ പറഞ്ഞു. കേരളം ആദ്യം മുതല്‍ക്കേ നല്ല ജാഗ്രതയോടെയുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തികൊണ്ടിരിക്കുന്നത്. ആദ്യം തന്നെ രോഗബാധിതരെ കണ്ടെത്താനുള്ള പ്രവര്‍ത്തനങ്ങള്‍
ഊര്‍ജ്ജിതമായി നടത്തി. ഇപ്പോള്‍ തന്നെ പരിശോധന നടത്തിയിട്ടില്ലാത്തവരടക്കം കുറച്ചുപേരിലെങ്കിലും കൂടി ചെറിയ തോതിലെങ്കിലും വൈറസ് ബാധയുണ്ടായേക്കാം. അങ്ങനെയാണെങ്കില്‍ത്തന്നെ നമ്മുടെ സംവിധാനത്തിന് അതെല്ലാം നേരിടാന്‍ കഴിയും എന്നാണു സൂചിപ്പിക്കുന്നത്.
കാരണം ഇരുപതിനായിരത്തോളം പേര്‍ക്ക് ചികിത്സ നല്‍കാനുള്ള സംവിധാനങ്ങള്‍ സംസ്ഥാനത്ത് സജ്ജമാക്കിയിട്ടുണ്ട്. കേരളത്തിലെ സ്ഥിതി ആ നിലയ്ക്ക് ആശങ്കാജനകമല്ലെന്നും രാജീവ് സദാനന്ദന്‍ ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.