കൂടുതല്‍ കുട്ടികളുള്ള മാതാപിതാക്കള്‍ക്ക് പാരിതോഷികമായി ഒരു ലക്ഷം രൂപ നല്‍കാനൊരുങ്ങി മിസോറാം കായിക മന്ത്രി റോബര്‍ട്ട് റൊമാവിയ റോയ്‌തെ. ജനസംഖ്യ കുറവുള്ള മിസോറാം സമുദായങ്ങള്‍ക്കിടയില്‍ ജനസംഖ്യാവര്‍ധനവ് പ്രോത്സാഹിപ്പിക്കുന്നതിന്
വേണ്ടിയാണ് ഇത്തരത്തിലൊരു പ്രഖ്യാപനം നടത്തിയതെന്നും മന്ത്രി പറഞ്ഞു. ഫാദേഴ്സ് ഡേയോടനുബന്ധിച്ചാണ് തന്റെ മണ്ഡലമായ ഐസ്വാള്‍ ഈസ്റ്റ്-2 ലെ ഏറ്റവും കൂടുതല്‍ കുട്ടികളുള്ള ജീവിച്ചിരിക്കുന്ന
മാതാവിനോ പിതാവിനോ ഒരു ലക്ഷം രൂപ നല്‍കുമെന്ന് റോയ്‌തെ അറിയിച്ചത്. പാരിതോഷികം ലഭിക്കുന്ന വ്യക്തിയ്ക്ക് സര്‍ട്ടിഫിക്കറ്റും ട്രോഫിയും നല്‍കും. എന്നാല്‍, പാരിതോഷികം ലഭിക്കാന്‍ എത്ര കുട്ടികള്‍ വേണമെന്ന കാര്യത്തില്‍
മന്ത്രി സൂചന നല്‍കിയിട്ടില്ല. മിസോറാമില്‍ ജനസംഖ്യ വളര്‍ച്ചാ നിരക്കും പ്രത്യുത്പാദനവും കുറഞ്ഞുവരുന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നുവെന്ന് റോയ്‌തെ പറഞ്ഞു. ജനസംഖ്യയില്‍ കാലക്രമേണയുണ്ടാകുന്ന
കുറവ് നാടിന്റെ വികസനത്തെ വിപരീതമായി ബാധിക്കും. ഇതിലുണ്ടാകുന്ന കുറവ് മിസോറാം ജനതയുടെ അതിജീവനവും വികസനവും കൂടുതല്‍ അസാധ്യമാക്കുമെന്നും റോയ്തെ പറഞ്ഞു.