മൊബൈല്‍ ഫോണുകള്‍ കൊണ്ട് മമ്മൂട്ടി ചിത്രം തീര്‍ത്ത് ഡാവിഞ്ചി സുരേഷ്. മമ്മൂട്ടിയുടെ ജന്മദിനം പ്രമാണിച്ചാണ് കൊടുങ്ങല്ലൂര്‍ ദര്‍ബാര്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ ഹാളില്‍ ഭീമന്‍ ചിത്രമൊരുക്കിയത്.
അറുനൂറു മൊബൈല്‍ ഫോണുകളും, ആറായിരം മൊബൈല്‍ അക്‌സസറീസും ഉപയോഗിച്ചാണ് ഇരുപതടി വലുപ്പമുള്ള മമ്മൂട്ടി ചിത്രം തയ്യാറാക്കിയത്. വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട വസ്തുവായ മൊബൈല്‍ ഫോണ്‍ ചിത്രമാക്കി മാറ്റാന്‍ പത്തു മണിക്കൂര്‍
സമയമെടുത്തു. നിറങ്ങളുടെ ലഭ്യത കുറവായിരുന്നെങ്കിലും പൗച്ചുകളും, സ്‌ക്രീന്‍ ഗാഡ്, ഡാറ്റാ കേബിള്‍, ഇയര്‍ഫോണ്‍, ചാര്‍ജര്‍ ഉള്‍പ്പെടെ മൊബൈല്‍ അനുബന്ധ സാമഗ്രികളാണ് ചിത്രത്തിന് സഹായകമായത്.
കൊടുങ്ങല്ലൂര്‍ എം ടെല്‍ മൊബൈല്‍ ഉടമ അനസിന്റെ മൂന്നു ഷോപ്പുകളില്‍ നിന്നാണ് സാധനങ്ങള്‍ എത്തിച്ചത്. ചിത്രകലയിലെ നൂറു മീഡിയങ്ങള്‍ ലക്ഷ്യമാക്കി ഡാവിഞ്ചി സുരേഷ് ചെയ്യുന്ന എഴുപത്തി അഞ്ചാമത്തെ മീഡിയമാണ് മൊബൈല്‍ ഫോണ്‍.