പുതുച്ചേരി സംസ്ഥാനത്ത് തദ്ദേശതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. സംസ്ഥാനത്തെ അഞ്ച് നഗരസഭകളിലേക്കും പത്ത് കൊമ്യൂണ്‍ പഞ്ചായത്തിലേക്കും 108 വില്ലേജ് പഞ്ചായത്തിലേക്കുമായി മൂന്ന് ഘട്ടമായാണ് തെരഞ്ഞെടുപ്പ്. ഒക്ടോബര്‍ 21നാണ് മയ്യഴി നഗരസഭ തെരഞ്ഞെടുപ്പ്. മറ്റു തദ്ദേശസ്ഥാപനങ്ങളിലേക്ക് ഒക്ടോബര്‍ 25, 28 തീയ്യതികളിലും. ഒക്ടോബര്‍ 31ന് വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും.
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ റോയി പി തോമസ് പുതുച്ചേരിയില്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ആദ്യഘട്ടം തെരഞ്ഞെടുപ്പ് നടക്കുന്ന തദ്ദേശസ്ഥാപനങ്ങളില്‍ സെപ്തംബര്‍ 30 മുതല്‍ ഒക്ടോബര്‍ ഏഴുവരെ നാമനിര്‍ദേശപത്രിക നല്‍കാം. എട്ടിന് സൂക്ഷ്മ പരിശോധന.
നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം ഒക്ടോബര്‍ 11. ഒക്ടോബര്‍ 25ന് തെരഞ്ഞെടുപ്പ് നടക്കുന്ന തദ്ദേശസ്ഥാപനങ്ങളില്‍ നാല് മുതല്‍ 11വരെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാം. 12ന് സൂക്ഷ്മ പരിശോധന. 15വരെ പത്രിക പിന്‍വലിക്കാന്‍ സമയമുണ്ട്. ഒക്ടോബര്‍ 28ന് തെരഞ്ഞെടുപ്പ് നടക്കുന്ന തദ്ദേശസ്ഥാപനങ്ങളില്‍ 7 മുതല്‍ 15വരെ നാമനിര്‍ദേശ പത്രിക നല്‍കാം. 16ന് സൂക്ഷ്മ പരിശോധനയും 18ന് പിന്‍വലിക്കാനുള്ള അവസാന ദിവസവുമാണ്.
രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെയാണ് പോളിങ്ങ്. വൈകിട്ട് 5 മുതല്‍ ഒരുമണിക്കൂര്‍ കോവിഡ് ബാധിതര്‍ക്കും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും വോട്ട് ചെയ്യാം. ഓണ്‍ലൈനായി നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനും സൗകര്യമുണ്ട്. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ബുധനാഴ്ച മുതല്‍ സംസ്ഥാനത്ത് പ്രാബല്യത്തില്‍ വന്നു.
മാഹി സ്വദേശി അഡ്വ. ടി അശോക്കുമാര്‍ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജിയിലാണ് പുതുച്ചേരി സംസ്ഥാനത്ത് തദ്ദേശതെരഞ്ഞെടുപ്പ് നടത്താന്‍ സുപ്രീംകോടതി ഉത്തരവിട്ടത്. 2011ല്‍ കാലാവധി കഴിഞ്ഞ തദ്ദേശസ്ഥാപനങ്ങളില്‍ പത്ത്വര്‍ഷത്തിന് ശേഷമാണ് തെരഞ്ഞെടുപ്പിന് വഴിയൊരുങ്ങുന്നത്.