കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വിഡിയോയും ഇന്റര്‍നെറ്റില്‍ തെരഞ്ഞവര്‍ക്കും പങ്കുവെച്ചവര്‍ക്കുമെതിരെ ശക്തമായ നടപടിയുമായി പൊലീസ്. കൊല്ലം റൂറല്‍ പരിധിയില്‍ ഒരാളെ അറസ്റ്റ് ചെയ്തു. ജില്ലയിലെ 21 കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയില്‍ മൊബൈല്‍ ഫോണ്‍, ലാപ്പ്ടോപ്, ഡെസ്ക്ടോപ് തുടങ്ങി ഇരുപത്തിയഞ്ചോളം കമ്ബ്യൂട്ടറധിഷ്ഠിത ഉപകരണങ്ങള്‍ പിടിച്ചെടുത്തു.
ഇവ കോടതിയില്‍ ഹാജരാക്കിയശേഷം ഫോറന്‍സിക് പരിശോധനക്കായി ലാബിലേക്കയച്ചു. നഗരപരിധിയില്പെട്ട ഇരവിപുരം, കൊല്ലം വെസ്റ്റ്, ശക്തികുളങ്ങര, കൊട്ടിയം, ചാത്തന്നൂര്‍ എന്നീ പൊലീസ് സ്റ്റേഷന് പരിധിയില്‍ ഓരോ ഇടങ്ങളിലും കൊല്ലം ഈസ്റ്റ്, പരവൂര്‍ എന്നിവിടങ്ങളില്‍ മൂന്നിടങ്ങളിലും കിളികൊല്ലൂര്‍, കരുനാഗപ്പള്ളി എന്നിവിടങ്ങളില്‍ അഞ്ചിടങ്ങളിലുമാണ് പരിശോധന നടന്നത്.
സൈബറിടങ്ങളില്‍ കുട്ടികളെ സംബന്ധിച്ച അശ്ലീലം തെരഞ്ഞവര്ക്കെതിരെയായിരുന്നു പൊലീസ് നടപടി. ജില്ല സൈബര്‍ വിഭാഗം നടത്തിയ സൈബര്‍ നിരീക്ഷണത്തിനൊടുവിലാണ് പരിശോധനകള്‍ നടത്തിയത്. ഫോറന്‍സിക് പരിശോധനഫലം വന്ന ശേഷം കൂടുതല്‍ അറസ്റ്റുകളുണ്ടാകുമെന്ന് ജില്ല പൊലീസ് മേധാവി ടി. നാരായണന് അറിയിച്ചു.
ജില്ല സൈബര്‍ സെല്ലും ജില്ല സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനും സംയുക്തമായാണ് പരിശോധനകള്‍ നടത്തിയത്. വാട്സ്ആപ്പിലും ടെലിഗ്രാമിലും പ്രചരിക്കുന്ന അശ്ലീല ഗ്രൂപ്പുകളില്‍ വ്യാപകമായി പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വിഡിയോകളും സൂക്ഷിക്കുകയും പ്രദര്‍ശിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യപ്പെടുന്നുണ്ട്.
ഐ.പി അഡ്രസ് പ്രത്യേകം സോഫ്റ്റുവെയര്‍ വഴി ശേഖരിച്ച് ഇത്തരം ചിത്രങ്ങളും വിഡിയോകളും സൂക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ആള്‍ക്കാരെ കണ്ടെത്തുകയാണ് ചെയ്യുന്നത്. രഹസ്യ ഡ്രൈവിന്റെ ഭാഗമായി സംസ്ഥാനവ്യാപകമായി ഞായറാഴ്ച പുലര്‍ച്ചമുതല്‍ ഒരേസമയം ആയിരുന്നു റെയ്ഡ് നടത്തിയത്.
പരിശോധനക്ക് വിധേയമാക്കിയവരില്‍ എം.ബി.എക്കാര്‍, മറ്റ് വിദ്യാര്‍ഥികള്‍, പ്ലംബര്‍മാര്‍, ഹോട്ടല്‍ ബോയ്, ഇലക്ട്രീഷന്സ്, മേശന് പണിക്കാര്, സൂപ്പര്‍ മാര്‍ക്കറ്റ് എംപ്ലോയ്, വെല്‍ഡിങ് വര്‍ക്കേഴ്സ്, വഴിയോരകച്ചവടക്കാര്‍ എന്നിങ്ങനെ വിവിധ മേഖലയിലുമുള്ളവരാണ്. കൊല്ലം റൂറലില്‍ ജില്ല പൊലീസ് മേധാവി കെ.ബി. രവിക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ അഡീഷനല്‍
എസ്.പി എസ്. മധുസൂദനന്റെ നേതൃത്വത്തില്‍ കുണ്ടറ, കൊട്ടാരക്കര, ശൂരനാട്, അഞ്ചല്‍, പത്തനാപുരം, ചിതറ, കുളത്തൂപ്പുഴ, പൂയപ്പള്ളി, പുത്തൂര്‍ പൊലീസ് സ്റ്റേഷന് ഐ.എസ്.എച്ച്.ഒമാരാണ് പരിശോധനകള്‍ നടത്തിയത്.