ആഗോളതാപനത്തിന്റെ ഫലമായി ലോകത്തിന്റെ പലഭാഗത്തും കാലാവസ്ഥാ വ്യതിയാനം സംഭവിക്കുന്നുണ്ട്. അതിതീവ്രമായ ഇടിമഴകള്‍ അടുത്തകാലത്തായി വര്‍ധിച്ചത് ആഗോളതാപനത്തിന്റെ പ്രത്യാഘാതമാണെന്നാണ് ഗവേഷകരുടെ വിലയിരുത്തല്‍. ഓക്സിജന്‍ സമ്ബന്നമായ ഭൂമിയില്‍ ഇന്ന് ജീവിതം മുന്നോട്ട് പോകുന്നു.
പക്ഷേ ഭൂമി എല്ലായ്പ്പോഴും ഇങ്ങനെ നില്‍ക്കില്ലെന്നാണ് ഗവേഷകര്‍ പറയുന്നത്. ഓക്സിജന്‍റെ അളവ് കുറയുന്നുവെന്നും വൈകാതെ ഓക്സിജന്‍റെ സാന്ദ്രതയിലുണ്ടാകുന്ന ഈ കുറവ് ഭൂമിയിലെ എല്ലാ ജീവികളുടെയും ശ്വാസം കിട്ടാതെ പിടഞ്ഞുള്ള മരണത്തിലേക്ക് നയിക്കുമെന്നുമാണ് പുതിയ പഠനം മുന്നറിയിപ്പ് നല്‍കുന്നത്.
ഭൗമശാസ്ത്രജ്ഞനായ ക്രിസ് റീന്‍ഹാര്‍ഡ്, പരിസ്ഥിതി ശാസ്ത്രജ്ഞനായ കസുമി ഒസാക്കി എന്നിവരാണ് ഈ പഠനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍. ഇത് ഒരു ബില്യണ്‍ വര്‍ഷമോ അതില്‍ കൂടുതല്‍ വര്‍ഷങ്ങളോ കഴിഞ്ഞാകും സംഭവിക്കുക. എന്നാല്‍ മാറ്റം വരുമ്ബോള്‍, അത് വളരെ വേഗത്തില്‍ സംഭവിക്കുമെന്ന് ഈ വര്‍ഷം ആദ്യം മുതല്‍ നടത്തിയ പഠനം സൂചിപ്പിക്കുന്നു. ഈ മാറ്റം ഭൂമിയെ ഏകദേശം 2.4 ബില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്ബ് ഗ്രേറ്റ് ഓക്സിഡേഷന്‍ ഇവന്റ് എന്നറിയപ്പെട്ടിരുന്ന അവസ്ഥയിലേക്ക് തിരികെ കൊണ്ടുപോകും.
ഈ അവസ്ഥയില്‍ മനുഷ്യരുള്‍പ്പടെ ഒരു ജീവജാലത്തിനും ഭൂമിയില്‍ പിന്നീട് അതിജീവിക്കാന്‍ കഴിയില്ല. ശ്വാസം ലഭിക്കാതെ ജീവികള്‍ പിന്നീടുള്ള കാലത്ത് മരിക്കുകയോ അല്ലെങ്കില്‍ പ്രത്യുല്‍പാദനം തന്നെ അവസാനിക്കുകയോ ചെയ്യും. ഭൂമിയിലെ താപനിലയും, മര്‍ദവുമെല്ലാം ഈ മാറ്റത്തിന് പിന്നിലെ കാരണമാണ്. ഭൂമിയുടെ കാലാവസ്ഥാ വ്യവസ്ഥയില്‍ ഈര്‍പ്പമുള്ള ഹരിതഗൃഹ വാതകങ്ങള്‍ ഉണ്ടാകുമെന്നും റിപ്പോര്‍ട്ടിലുണ്ട്.
സൂര്യന്റെ തെളിച്ചത്തില്‍ മാറ്റങ്ങള്‍ ഉണ്ടാകും. കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് കുറയുകയും ചെയ്യും. കുറവ് കാര്‍ബണ്‍ ഡൈ ഓക്സൈഡ് എന്നാല്‍ സസ്യങ്ങള്‍ക്ക് പ്രകാശസംശ്ലേഷണം പോലുള്ള കാര്യങ്ങള്‍ തടസ്സപ്പെടും. ഇത് ഓക്സിജനെയും കുറയ്‌ക്കും. സൂര്യനില്‍ നിന്നുള്ള വര്‍ദ്ധിച്ച വികിരണം ഏകദേശം 2 ബില്ല്യണ്‍ വര്‍ഷങ്ങള്‍ക്കുള്ളില്‍ ഭൂമുഖത്ത് നിന്ന് സമുദ്രജലം തുടച്ചുനീക്കുമെന്ന് ശാസ്ത്രജ്ഞര്‍ മുമ്ബ് പ്രവചിച്ചിരുന്നു.
ഓക്സിജന്റെ കുറവ് വളരെ തീവ്രമായ ഒരവസ്ഥയാണെന്ന് ജോര്‍ജിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്നുള്ള ഭൂമി ശാസ്ത്രജ്ഞനായ ക്രിസ് റെയ്ന്‍ഹാര്‍ഡ് പറഞ്ഞു. സൗരയൂഥത്തിന് പുറത്തുള്ള വാസയോഗ്യമായ ഗ്രഹങ്ങള്‍ക്കായുള്ള ഗവേഷണങ്ങളാണ് ഈ റിപ്പോര്‍ട്ടുകളെ കൂടുതല്‍ പ്രസക്തമാക്കുന്നത്.