യുവാവിനെ പാറക്കല്ലുകൊണ്ട് തലക്കിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രധാന പ്രതിയെയും ഒളിത്താവളമൊരുക്കിയ സഹായിയെയും കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. തൊടിയൂര്‍ വേങ്ങറ, സ്വദേശി ശ്രീകുട്ടന് (28), ഇയാള്‍ക്ക് ഒളിത്താവളമൊരുക്കിയ പടിഞ്ഞാറെ കല്ലട കാരാളിമുക്ക് സ്വദേശി നീലകണ്ഠന് (23) എന്നിവരെയാണ് കാരാളിമുക്ക് കണത്താര്‍കുന്നം ആനന്ദഭവനം വീട്ടില്‍ നിന്ന് പൊലീസ് പിടികൂടിയത്.
പട്ടം വയലില്‍ തൊടിയൂര്‍ വടക്ക് സ്വദേശി ലതീഷ് (39) നെയാണ് ജോലി കഴിഞ്ഞ് മടങ്ങിവരുന്നതിനിടെ, സെപ്റ്റംബര്‍ 29ന് രാത്രി വീടിനു സമീപത്തുവെച്ച് ശ്രീകുട്ടനും കൂട്ടാളിയായ ജോബിനുമായി ചേര്‍ന്ന് പാറക്കല്ലും ഇടിവളയും ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിനുശേഷം പതാരം അരിനല്ലൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കാരാളിമുക്ക് ഭാഗത്ത് ഒരു വീട്ടില്‍ ഇവര്‍ ഒളിവില്‍ കഴിയുകയായിരുന്നു.
കൊല്ലം സിറ്റി ജില്ല പൊലീസ് മേധാവി ടി. നാരായണന് ഐ.പി.എസിന് ലഭിച്ച രഹസ്യവിവരത്തിന്റ അടിസ്ഥാനത്തില്‍ കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ജി. ഗോപകുമാറിന്റ നേതൃത്വത്തില്‍ എസ്.ഐ മാരായ ജയശങ്കര്‍, വിനോദ്, രാധാകൃഷ്ണപിള്ള, ഗ്രേഡ് എസ്.ഐമാരായ ഷാജിമോന്‍, നന്ദകുമാര്‍, നിസാമുദീന്‍ സി.പി.ഒ മാരായ സാബു, സലിം എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതി ഇവരെ റിമാന്‍ഡ് ചെയ്തു.